ADVERTISEMENT

തിരുവനന്തപുരം ∙ ബാർ കോഴ ആരോപണത്തിൽ സർക്കാർ കേസെടുത്തേ മതിയാകൂവെന്നും അതുവരെ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധത്തിനു തുടക്കം കുറിക്കുകയാണെന്നും നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ബാർ ഉടമകളുടെ നേതാവിന്റെ സന്ദേശമാണ് പുറത്തുവന്നത്. ഇതു തെളിവായി സ്വീകരിക്കാമെന്നു സുപ്രീംകോടതി ഉത്തരവുണ്ട്. പണം നൽകിയെന്നു ബാർ ഉടമ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയിലാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കേസെടുത്തത്.

അഴിമതിക്കു പിന്നിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും ബാർ ഉടമകളുമുണ്ട്. മദ്യനയത്തിൽ യോഗം വിളിക്കാൻ ടൂറിസം വകുപ്പിന് എന്ത് അധികാരമാണുള്ളത്? എക്സൈസ് വകുപ്പിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തു. ടൂറിസം വകുപ്പ് മദ്യനയത്തിൽ മാറ്റം വരുത്താമെന്നു നൽകിയ ഉറപ്പിൻമേലാണ് ബാർ ഉടമകൾ യോഗം ചേർന്ന് പണപ്പിരിവ് നടത്തിയത്. ടൂറിസം വകുപ്പ് യോഗം വിളിച്ചിട്ടുണ്ടെന്നു മന്ത്രി തന്നെ സമ്മതിച്ചു. മന്ത്രി അറിയാതെയാണ് യോഗം വിളിച്ചതെങ്കിൽ ആ സ്ഥാനത്ത് ഇരിക്കാൻ ടൂറിസം മന്ത്രി യോഗ്യനല്ല.

ഇത്രയും കനത്ത ആഘാതം തിരഞ്ഞെടുപ്പിൽ കിട്ടിയിട്ടും ജനപിന്തുണയെക്കുറിച്ചൊക്കെ സംസാരിക്കാനുള്ള മന്ത്രിയുടെ ചങ്കുറപ്പിനുമുന്നിൽ നമസ്‌കരിക്കുകയാണ്. ബവ്റിജസ് കോർപറേഷനിൽ നിന്നു വാങ്ങുന്ന മദ്യത്തിനു പുറമേ മദ്യക്കമ്പനികളിൽ നിന്നു നേരിട്ടു സെക്കൻഡ്സ് മദ്യം വാങ്ങി ബാറുകൾ വിൽക്കുകയാണെന്നും സതീശൻ ആരോപിച്ചു.

ചർച്ച നടന്നിട്ടില്ല:മന്ത്രി എം.ബി.രാജേഷ്

തിരുവനന്തപുരം ∙ പുതിയ മദ്യനയത്തെക്കുറിച്ചോ ഡ്രൈ ഡേ പിൻവലിക്കുന്നതിനെക്കുറിച്ചോ പ്രാഥമിക ചർച്ച പോലും സർക്കാർ നടത്തിയിട്ടില്ലെന്നും വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ ചർച്ച ചെയ്ത കാര്യങ്ങൾ വച്ച് അഴിമതി നടന്നെന്നു പ്രചരിപ്പിക്കുന്നത് അനീതിയാണെന്നും മന്ത്രി എം.ബി.രാജേഷ്. യുഡിഎഫ് സർക്കാരിന്റെ കാലത്തും മദ്യനയത്തെക്കുറിച്ചു ചർച്ച ചെയ്യാൻ ടൂറിസം വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബാർ ഉടമയുടെ ശബ്ദസന്ദേശം വന്നയുടൻ തന്നെ അന്വേഷണം ആവശ്യപ്പെട്ടു ഡിജിപിക്കു കത്തു നൽകി. അതിൽ പണപ്പിരിവിനെക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാറുടമകൾക്കു വേണ്ടി ഡ്രൈ ഡേ പിൻവലിക്കാൻ ഒരു വർഷത്തിനിടെ 3 തവണയാണു മദ്യനയം മാറ്റിയത്. അതിന്റെ പണം ആരാണു കൈപ്പറ്റിയത്.

പ്രതിപക്ഷം ഇല്ലാത്തത് കെട്ടിച്ചമയ്ക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം∙ ഇല്ലാത്ത കാര്യം കെട്ടിച്ചമച്ച് എന്തോ സംഭവിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കാനാണു പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഇപ്പോൾ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കുറ്റകൃത്യം കണ്ടെത്തിയാൽ തുടർനടപടികളിലേക്കു കടക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പണം പിരിക്കുന്നു എന്ന വാർത്ത വന്നപ്പോൾ തന്നെ മന്ത്രി പരാതി നൽകി. എക്സൈസ് അന്വേഷണത്തിന്റെ ഭാഗമായി ആവശ്യമെങ്കിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തും.

ചർച്ച ചെയ്തു; ഞാനറിഞ്ഞില്ല: മന്ത്രി റിയാസ്

തിരുവനന്തപുരം ∙ തന്നെ ഇൗ പ്രശ്നത്തിൽ വലിച്ചിഴയ്ക്കുന്നത് എന്തിനാണെന്നു തനിക്കും ജനങ്ങൾക്കും അറിയാമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ടൂറിസം ഡയറക്ടർ ഒരു മാസം നാൽപതോളം യോഗങ്ങൾ വിളിക്കാറുണ്ട്. ഇതൊന്നും മന്ത്രി അറിഞ്ഞിട്ടാകണമെന്നില്ല. വ്യവസായികൾ നൽകിയിട്ടുള്ള അപേക്ഷകളിലെ ഒട്ടേറെ വിഷയങ്ങൾ ടൂറിസം ഡയറക്ടർ വിളിച്ച യോഗത്തിൽ ചർച്ച ചെയ്തിരുന്നു.

മന്ത്രിക്കു നേരെ‘അമ്പാൻ’ പ്രയോഗവുമായി റോജി

തിരുവനന്തപുരം ∙ നിയമസഭയിൽ ചിരിയുയർത്തി മന്ത്രി എം.ബി.രാജേഷിനു നേർക്ക് റോജി എം.ജോണിന്റെ അമ്പാൻ പ്രയോഗം. (ആവേശം എന്ന സിനിമയിലൂടെയാണ് നടൻ ഫഹദ് ഫാസിൽ കഥാപാത്രത്തിന്റെ അമ്പാൻ പ്രയോഗം ശ്രദ്ധേയമായത്). ജനിക്കാത്ത മദ്യനയത്തിന്റെ ജാതകം കുറിക്കുന്നവർ എന്നാണു മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചതെന്നു റോജി പറഞ്ഞു. ‘‘എന്നാൽ, മന്ത്രിയുടെ വകുപ്പിൽ മദ്യനയത്തിന്റെ കുഞ്ഞു ജനിച്ചിട്ടുണ്ട്. അതിന്റെ അച്ഛനാരെന്ന് അന്വേഷിച്ചാൽ മതി. വേറെ ആളുകളാണ് അവിടെ വന്നു കാര്യങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പാനേ!!! ഇൗ അഴിമതിക്കായി നോട്ടെണ്ണുന്ന മെഷീൻ ഇരിക്കുന്നത് എകെജി സെന്ററിലാണോ ക്ലിഫ് ഹൗസിലാണോ എന്നാണ് ഇനി അറിയാനുള്ളത്’’–റോജി എം.ജോൺ പരിഹസിച്ചു.

English Summary:

Kerala Bar Bribery Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com