പ്രകാശ് ബാബുവിനായി മന്ത്രിയടക്കം ചിലർ; സുനീറിനായി ബിനോയ്
Mail This Article
തിരുവനന്തപുരം∙ രാജ്യസഭാ സീറ്റ് ആർക്കു നൽകണമെന്നതു സംബന്ധിച്ച് സിപിഐ സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ തർക്കം. ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ് ബാബുവിനു വേണ്ടി ഒരു വിഭാഗം വാദിച്ചതാണു തർക്കത്തിനിടയാക്കിയത്. എന്നാൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അസി.സെക്രട്ടറി പി.പി.സുനീറിനു വേണ്ടി ഉറച്ചുനിന്നു.
മുൻ മന്ത്രി കൂടിയായ മുല്ലക്കര രത്നാകരനാണ് പാർട്ടി മുൻ സംസ്ഥാന അസി.സെക്രട്ടറി കൂടിയായ പ്രകാശ് ബാബുവിന് അവസരം നൽകണമെന്ന നിർദേശം വച്ചത്. മന്ത്രി ജി.ആർ.അനിലും ഇ.ചന്ദ്രശേഖരനും അടക്കം ഏതാനും പേർ പിന്തുണച്ചു.
എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതുവരെ പാർലമെന്ററി അവസരം കിട്ടാത്ത, ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുളള സുനീർ രാജ്യസഭയിലേക്കു പോകുന്നതാകും ഉചിതമെന്ന് ബിനോയ് വിശ്വം വാദിച്ചു. യുഡിഎഫ് കോട്ടകളായ മലപ്പുറത്തും വയനാട്ടിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കായി പല തവണ മത്സരിച്ചു സുനീറിനു പരാജയപ്പെടേണ്ടി വന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. അതോടെ കൂടുതൽ തർക്കങ്ങളില്ലാതെ സുനീറിന്റെ പേര് അംഗീകരിക്കുകയായിരുന്നു.
അന്തരിച്ച മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അടുത്ത അനുയായികളിലൊരാളായി അറിയപ്പെടുന്ന ആളാണ് സുനീർ. കാനത്തിന്റെ തന്നെ താൽപര്യ പ്രകാരം സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വം രാജ്യസഭാ സീറ്റിൽ ആ പക്ഷത്തിന്റെ താൽപര്യം സംരക്ഷിക്കുകയായിരുന്നു എന്ന വിമർശനം മറുപക്ഷത്തിനുണ്ട്.
വയനാട്ടിൽ മത്സരിച്ച ദേശീയ നേതാവായ ആനി രാജയുടെ പേരും നേരത്തേ രാജ്യസഭാ സീറ്റിലേക്ക് ഉയർന്നിരുന്നെങ്കിലും നിർവാഹകസമിതിയിൽ അക്കാര്യം വന്നില്ല. കഴിഞ്ഞ തവണ പി.സന്തോഷ്കുമാറിന്റെ പേര് തീരുമാനിച്ചപ്പോഴും അവസാനം വരെ പരിഗണനയിൽ ഉണ്ടായിരുന്ന പ്രകാശ് ബാബുവിന് ഒരിക്കൽ കൂടി തഴയപ്പെടാനായി വിധി.