ADVERTISEMENT

തിരുവനന്തപുരം∙ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു സീറ്റ് കുറഞ്ഞതിന്റെ പേരിൽ സംസ്ഥാന സർക്കാർ രാജിവയ്ക്കണമെന്നു പറയുന്നത് എന്തു യുക്തിയുടെ അടിസ്ഥാനത്തിലാണെന്നും അതിന്റെ പേരിൽ ആരും രാജി ചോദിച്ചു വരേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ധനാഭ്യർഥനചർച്ചയ്ക്കുള്ള മറുപടി പ്രസംഗം നടത്തുകയായിരുന്നു മുഖ്യമന്ത്രി. മുൻപ് എ.കെ.ആന്റണി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത് കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നത്തിന്റെ പേരിലാണ്. അതിനെ ഇതുമായി താരതമ്യപ്പെടുത്തേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇത്തരത്തിൽ രാജി ആവശ്യമുന്നയിക്കുകയാണെങ്കിൽ കോൺഗ്രസ് നേതാക്കൾ ആദ്യം ഹിമാചലിലും തെലങ്കാനയിലും കർണാടകയിലും ആണ് ഉന്നയിക്കേണ്ടത്. അവിടെ ഭരിക്കുന്ന കോൺഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറെ പിന്നാക്കം പോയി.

കേന്ദ്രത്തിൽ നരേന്ദ്ര മോദിയെ മാറ്റി നിർത്തണമെന്നു ജനം ചിന്തിച്ചു. അതിന്റെ ഭാഗമായാണ് ഇവിടെ വോട്ട് ചെയ്തത്. അതിനെ ഇടതുപക്ഷ വിരോധമായി കണക്കാക്കേണ്ടതില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ യുഡിഎഫ് അഹങ്കരിക്കരുത്. അതു ഗുണം ചെയ്യില്ല. വിജയത്തിന്റെ മത്ത് ലീഗിനു പിടിച്ചതായാണ് അവരുടെ ചില അംഗങ്ങളുടെ പെരുമാറ്റത്തിൽ നിന്നു മനസ്സിലാക്കുന്നത്. തിരഞ്ഞെടുപ്പു പരാജയം ആത്യന്തികമായ ഒരു പരാജയമായി കാണുന്നില്ല. ജനങ്ങളുടെ പിന്തുണയോടെ ശക്തമായി തിരിച്ചുവരും. യുഡിഎഫ് ജയിച്ചതിലൊന്നും വേവലാതിയില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ബിജെപി എങ്ങനെ ഒരു മണ്ഡലത്തിൽ ജയിച്ചു എന്നതാണ് പരിശോധിക്കേണ്ടതെന്നു കൂട്ടിച്ചേർത്തു.

മഹാവിജയം നേടിയ യുഡിഎഫിന് എങ്ങനെ വോട്ട് കുറഞ്ഞു എന്നും പരിശോധിക്കണം. പലയിടത്തും യുഡിഎഫിനൊപ്പം നിന്ന ശക്തികൾ തൃശൂരിൽ കൂടെ നിന്നില്ലെന്ന യാഥാർഥ്യം മറന്നുപോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ബിജെപിക്ക് എതിരായി നടന്ന പോരാട്ടത്തിൽ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് പ്രത്യേകമായ അപ്രമാദിത്തം കാണാൻ കഴിയില്ല. യുപിയിലും ബംഗാളിലും ബിഹാറിലും തമിഴ്‌നാട്ടിലും ഓരോ പാർട്ടിയാണു സ്വാധീനം ചെലുത്തിയത്.

ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് സിപിഎം പങ്കെടുക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയെ എന്തുകൊണ്ടാണ് കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്യാത്തത് എന്ന ചോദ്യം ഉന്നയിച്ചത് കോൺഗ്രസിന്റെ സമുന്നതനായ നേതാവാണ്. വ്യാജ ആരോപണങ്ങൾ നിരന്തരം നടന്നുവെന്നല്ലാതെ തെളിവോടെ ഉന്നയിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടുണ്ടോ. ബിജെപി നേതാക്കളും രാഹുൽ ഗാന്ധിയും ഒരേ ഭാഷയിൽ ആക്ഷേപിക്കുമ്പോൾ മറുപടി പറയുന്നത് സ്വാഭാവികമാണ്. സർക്കാരിന്റെ ഭരണ നേട്ടങ്ങൾ അക്കമിട്ട് നിരത്താനും മുഖ്യമന്ത്രി ശ്രമിച്ചു. എല്ലാ വകുപ്പുകളിലെയും ഭരണനേട്ടങ്ങളും വിവരിച്ചു.

English Summary:

Chief Minister Pinarayi Vijayan speaks on LDF failure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com