തൃശൂർ മേയറുടെ സുരേഷ് ഗോപി ബന്ധത്തിൽ എൽഡിഎഫിൽ അസ്വാരസ്യം : സിപിഎം വിശദീകരണം തേടി
Mail This Article
തൃശൂർ ∙ കോർപറേഷൻ മേയർ എം.കെ.വർഗീസും തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നു ജയിച്ച എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയും തമ്മിലുള്ള ബന്ധത്തെ ചൊല്ലി എൽഡിഎഫിൽ അസ്വാരസ്യം പുകയുന്നു. എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ്.സുനിൽകുമാറും സിപിഐ ജില്ലാ നേതൃത്വവും എതിർപ്പുമായി രംഗത്തു വന്നതോടെ എം.കെ.വർഗീസിനെ വിളിച്ചുവരുത്തി സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് വിശദീകരണം തേടി.
തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് അനുകൂലമായി മേയർ പ്രവർത്തിച്ചെന്നും പദവിയിൽ നിന്ന് അദ്ദേഹത്തെ സിപിഎം പുറത്താക്കണമെന്നും സുനിൽ കുമാർ ആവശ്യപ്പെട്ടിരുന്നു. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജും ഇതേ ആവശ്യവുമായി സിപിഎം നേതൃത്വത്തെ സമീപിച്ചിരുന്നു.
സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തി എം.എം.വർഗീസിനെ കണ്ടു നിലപാടു വിശദമാക്കിയ മേയർ, സിപിഎം നിർദേശപ്രകാരം മാധ്യമങ്ങളോടും തന്റെ ഭാഗം വിശദീകരിച്ചു. വിളിച്ചു വരുത്തിയതല്ലെന്നും താൻ സെക്രട്ടറിയെ അങ്ങോട്ടുപോയി കണ്ടതാണെന്നും മേയർ പറഞ്ഞു. സുരേഷ് ഗോപിയുമായി ചേംബറിൽ കൂടിക്കാഴ്ച നടത്തിയതല്ലാതെ രാഷ്ട്രീയ ചർച്ച നടത്തിയിട്ടില്ലെന്നും എൽഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകൾ പിന്തുടർന്നു മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐയുടെ പരാതി തിരഞ്ഞെടുപ്പ് അവലോകനസമിതി യോഗത്തിൽ ചർച്ച ചെയ്യാമെന്നാണു സിപിഎം നിലപാട്.