സപ്ലൈകോ ഗോഡൗൺ തൊഴിലാളികളും സമരത്തിന്
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് റേഷൻ കടകളിൽ സ്റ്റോക്ക് അനുദിനം കുറയുന്നതിനിടെ, സാധനങ്ങളുടെ ‘വാതിൽപടി’ വിതരണം നടത്തുന്ന കരാറുകാർക്കു പുറമേ സപ്ലൈകോ ഗോഡൗണുകളിലെ ഒൻപതിനായിരത്തോളം കയറ്റിറക്ക് തൊഴിലാളികളും പണിമുടക്ക് പ്രഖ്യാപിച്ചു. സിഐടിയു, എഐടിയുസി, ഐഎൻടിയുസി, ബിഎംഎസ്, എച്ച്എംഎസ് സംഘടനകളിലെ തൊഴിലാളികൾ ഉൾപ്പെടുന്ന സംയുക്ത ട്രേഡ് യൂണിയൻ സമിതി 19ന് സൂചനാ പണിമുടക്കും 26 മുതൽ അനിശ്ചിതകാല പണിമുടക്കുമാണു പ്രഖ്യാപിച്ചിട്ടുള്ളത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ തീരുമാനിച്ച കൂലിവർധന നടപ്പാക്കാത്തതിനെ തുടർന്നാണു പണിമുടക്ക്. മുൻകാല പ്രാബല്യത്തോടെ കൂലിയിലെ കുടിശിക അടക്കം നൽകുക, ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡിൽ കരാറുകാർ അടയ്ക്കേണ്ട തുകയുടെ കുടിശിക ഈടാക്കുക, തൊഴിൽ നഷ്ടം കണക്കിലെടുത്ത് മിനിമം വേതനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. 19ന് സപ്ലൈകോ തിരുവനന്തപുരം റീജനൽ ഓഫിസിനു മുന്നിൽ തൊഴിലാളികൾ മാർച്ചും ധർണയും നടത്തും. സമരസമിതി കൺവീനർ ആർ.രാമു ഉദ്ഘാടനം ചെയ്യും.
3 മാസത്തെ ബിൽ തുകയായ 75 കോടി രൂപ കുടിശികയായതിനാൽ ഈ മാസം ഒന്നു മുതൽ സമരത്തിലായ കരാറുകാരുടെ സംഘടനയായ കേരള ട്രാൻസ്പോർട്ടിങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സപ്ലൈകോ ആസ്ഥാനത്തിനു മുന്നിൽ റിലേ സത്യഗ്രഹം നടത്താൻ തീരുമാനിച്ചു. ബിൽ തുകയുടെ 90% ഓരോ മാസത്തെ ആദ്യ ആഴ്ചയിലും 10% ഓഡിറ്റ് കഴിഞ്ഞ് 3 മാസത്തിനകവും നൽകണമെന്നാണു വ്യവസ്ഥയെന്നു സംഘടന ചൂണ്ടിക്കാട്ടി. 78 കരാറുകാർക്കു കിട്ടാനുള്ള തുകയിൽ 40% ചുമട്ടുതൊഴിലാളികൾക്കായി ക്ഷേമനിധി ബോർഡിൽ അടയ്ക്കേണ്ടതാണ്. ഇത് അടച്ചില്ലെങ്കിൽ 25% കൊള്ളപ്പലിശയാണ് ക്ഷേമ ബോർഡ് ചുമത്തുന്നത്. ഇപ്പോൾ റവന്യു റിക്കവറി നടപടികൾ നേരിടുകയാണ്. പിഴയും റിക്കവറിയും ഒഴിവാക്കണമന്നും ക്ഷേമ ബോർഡിലേക്കുള്ള തുക ബില്ലുകളിൽ നിന്നു നേരിട്ടു സപ്ലൈകോ നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു.