ഓണമുണ്ണാൻ വരില്ല, ആകാശ് യാത്രയായി; ഇനി ഉണ്ടാവില്ല ലൂക്കോസിന്റെ ‘ഗുഡ്മോണിങ്’
Mail This Article
പന്തളം ∙ ഓണത്തിനു നാട്ടിലെത്താനിരിക്കെയാണു മുടിയൂർക്കോണം ശോഭനാലയത്തിൽ പരേതനായ ശശിധരൻ നായരുടെയും ശോഭനകുമാരിയുടെയും മകൻ ആകാശ് എസ്.നായർ (31) കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ചത്. 8 വർഷത്തോളമായി എൻബിടിസി കമ്പനിയിലെ സ്റ്റോർ ഇൻ ചാർജായിരുന്നു. ഒരു വർഷം മുൻപു നാട്ടിൽ വന്നിരുന്നു. ഇത്തവണ ഓണത്തിന് നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
തീപിടിത്തത്തപ്പറ്റി അറിഞ്ഞതു മുതൽ സുഹൃത്തുക്കൾ ആകാശിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഫോണെടുത്തില്ല. പിന്നീട് സ്വിച്ച് ഓഫായ നിലയിലായി. അവിടെയുള്ള പന്തളം സ്വദേശി അരുണും സുഹൃത്തുക്കളും വിവരം തേടി സംഭവം നടന്ന സ്ഥലത്തെത്തിയപ്പോഴാണ് ആകാശ് കുവൈത്തിലെ മുബാറക് ആശുപത്രിയിലുള്ളതായി അറിഞ്ഞതും പിന്നീട് മരണം സ്ഥിരീകരിച്ചതും. ആകാശ് അവിവാഹിതനാണ്. ശാരി എസ്.നായരാണു സഹോദരി.
ഇനി ഉണ്ടാവില്ല ലൂക്കോസിന്റെ ‘ഗുഡ്മോണിങ്’
കൊല്ലം∙ ഇന്നലെ രാവിലെയും ലൂക്കോസ് വീട്ടുകാർക്കുള്ള പതിവ് ഗുഡ്മോണിങ് സന്ദേശം അയച്ചു. എന്നാൽ ജോലിക്കു പോകുന്നതനു മുൻപുള്ള പതിവു ഫോൺ വിളി മാത്രം ഉണ്ടായില്ല. മക്കളും ഭാര്യയും തിരികെ വിളിച്ചിട്ട് മറുപടി ലഭിച്ചുമില്ല. ഇതോടെ ആശങ്കയായി. ബന്ധുക്കളും മാറിമാറി ലൂക്കോസിനെ ഉച്ചവരെ ഫോണിൽ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. തീപിടിത്തത്തെപ്പറ്റി ടിവിയിൽ വാർത്ത വന്നതോടെ വെളിച്ചിക്കാല വടകോട്ട് വിളയിൽ ആശങ്കയേറി.
ലൂക്കോസിന്റെ ഭാര്യ ഷൈനിയും മക്കളായ ലിഡിയയും ലോയ്സും ലൂക്കോസിന്റെ മാതാപിതാക്കളായ സി.ഉണ്ണുണ്ണിയും കുഞ്ഞമ്മയും കണ്ണീരും ആശങ്കയും പ്രാർഥനയുമായി മണിക്കൂറുകൾ തള്ളി നീക്കുകയായിരുന്നു. മരിച്ച മലയാളികളിൽ ഒരു കൊല്ലം സ്വദേശിയുണ്ടെന്ന് അറിഞ്ഞപ്പോൾ വീട്ടുകാർ തകർന്നു. ശൂരനാട് സ്വദേശിയാണ് മരിച്ചതെന്നു പിന്നീട് സ്ഥിരീകരിച്ചു. മണിക്കൂറുകൾക്കു ശേഷം ലൂക്കോസിന്റെ മരണ വാർത്തയും എത്തി.
പ്ലസ്ടുവിന് എല്ലാം വിഷയങ്ങൾക്കും എ പ്ലസ് നേടിയ മൂത്ത മകൾ ലിഡിയയുടെ തുടർപഠനത്തിനുള്ള ഒരുക്കങ്ങൾക്കായി അടുത്തമാസം നാട്ടിലേക്കു വരാനിരിക്കുകയായിരുന്നു ലൂക്കോസ്. 18 വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന ലൂക്കോസ് എൻബിടിസി കമ്പനിയിലെ മെക്കാനിക്കൽ സൂപ്പർവൈസറാണ്.
സൗഹൃദങ്ങൾ ബാക്കി; ഷെമീർ വിടവാങ്ങി
ശാസ്താംകോട്ട (കൊല്ലം) ∙ കുടുംബത്തിന്റെ പ്രതീക്ഷകളുമായി സഹോദരങ്ങൾക്കൊപ്പം പ്രവാസം തിരഞ്ഞെടുത്ത ഷെമീറിന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണു ബന്ധുക്കളും സുഹൃത്തുക്കളും. നിറചിരിയോടെ മാത്രം ഇടപെടുന്ന സൗമ്യനായ ഷെമീർ മാത്രമാണ് സുഹൃത്തുക്കളുടെ മനസ്സിൽ. കെട്ടിട നിർമാണ കരാറുകാരനായ പിതാവ് ഉമറുദീനൊപ്പം ഓയൂരിൽ നിന്ന് ആനയടി വയ്യാങ്കരയിലേക്കു താമസം മാറിയ കുടുംബത്തിൽ നിന്നു മക്കൾ ഓരോരുത്തരായി പ്രവാസത്തിലേക്കു തിരിഞ്ഞു.
ഷെമീർ കുവൈത്തിലും സഹോദരങ്ങളായ ഷൈജുവും ഷിജാദും സൗദിയിലും തൊഴിലിനായി എത്തി. കഴിഞ്ഞ 5 വർഷമായി കുവൈത്തിൽ എൻടിബിസി കമ്പനിയിലെ ഡ്രൈവറായി ജോലി ചെയ്യുന്ന ഷെമീർ 2 വർഷം മുൻപ് പത്തനാപുരം സ്വദേശി സുറുമിയെ വിവാഹം ചെയ്തു. ഇളയ സഹോദരനായ മുഹമ്മദ് നിജാസ് സ്കൂൾ വിദ്യാർഥിയാണ്. ഷെമീറിന്റെ വിയോഗ വിവരം പിതാവിനെ മാത്രമാണ് അറിയിച്ചത്. ബാക്കിയുള്ളവരിൽ നിന്നു വിവരങ്ങൾ മറയ്ക്കാൻ വീട്ടിലെ മൊബൈൽ ഫോണുകളും ടിവിയും ഓഫ് ചെയ്തു. ഭാര്യ സുറുമിക്ക് കുവൈത്തിൽ അപകടം നടന്നതായി മാത്രമാണ് അറിയാവുന്നത്.
വാട്ടർ ടാങ്കിൽ ചാടി; നളിനാക്ഷന് പുതുജന്മം
തൃക്കരിപ്പൂർ (കാസർകോട്) ∙ നളിനാക്ഷന്റെ ജീവൻ കാത്തത് വാട്ടർ ടാങ്കാണ്. കെട്ടിടം കത്തിയെരിയുകയും നിലവിളികൾ ഉയരുകയും ചെയ്യുമ്പോൾ വെള്ളത്തിലേക്ക് ചാടാനും രക്ഷപ്പെടാനും നളിനാക്ഷനു സാധിച്ചു.
കുവൈത്ത് തീപിടിത്തത്തിൽ നിന്നു രക്ഷപ്പെട്ട നളിനാക്ഷന്റെ ശബ്ദം ഫോണിൽ കേട്ടപ്പോൾ തൃക്കരിപ്പൂർ ഒളവറയിലെ ടി.വി.യശോദയുടെ വീട്ടിൽ ആശ്വാസമായി. നിരവധി പേർ തീപിടിത്തത്തിൽ മരിച്ചുവെന്ന വാർത്ത പരന്നതോടെ അമ്മ യശോദയും ഭാര്യ ബിന്ദുവും സഹോദരങ്ങളും ആധിയിലായിരുന്നു.
‘കെട്ടിടത്തിന്റെ മൂന്നാം നിലയിൽ തീയിലും പുകയിലും പെട്ടപ്പോൾ എന്തു ചെയ്യണമെന്നു നിശ്ചയമില്ലായിരുന്നു. വെന്തെരിയുമെന്ന ഘട്ടം വന്നപ്പോഴാണ് താഴെയുള്ള വാട്ടർ ടാങ്കിന്റെ കാര്യം ഓർത്തത്. ചാടാൻ പറ്റുന്ന പാകത്തിലാണെന്നും ഓർത്തു. പിന്നീടൊന്നും ആലോചിച്ചില്ല. ആ ഭാഗത്തേക്ക് എടുത്തു ചാടി. വീഴ്ചയിൽ അരയ്ക്കു താഴെ പരുക്കേറ്റു. ആശുപത്രിയിൽ എത്തുന്നതുവരെ ബോധമുണ്ടായില്ല’– നളിനാക്ഷൻ പറഞ്ഞു. 10 വർഷത്തിലേറെയായി കുവൈത്തിൽ ജോലിയെടുക്കുന്ന നളിനാക്ഷൻ, വിവിധ സംഘടനകളുമായി ചേർന്നു സന്നദ്ധ പ്രവർത്തനവും നടത്തുന്നുണ്ട്.