ADVERTISEMENT

കൊച്ചി ∙ മൂന്നാറിൽ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് റവന്യു ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുമെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.    എന്നാൽ പൊലീസ് നേതൃത്വത്തിലുള്ള സംഘത്തിൽ സത്യസന്ധനായ ഒരു റവന്യു ഉദ്യോഗസ്ഥനെയും ഉൾപ്പെടുത്തണമെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

പ്രത്യേകസംഘത്തെ നിയമിക്കാൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ.ഷാജി രണ്ടാഴ്ച സമയം തേടി. തുടർന്ന് അടുത്ത തവണ ഹർജി പരിഗണിക്കുമ്പോൾ സംഘാംഗങ്ങളെക്കുറിച്ച് അറിയിക്കണമെന്നു കോടതി നിർദേശിച്ചു. മൂന്നാർ മേഖലയിലെ കയ്യേറ്റത്തെക്കുറിച്ച് പഠിച്ച രാജൻ മധേക്കറുടെ റിപ്പോർട്ടിൽ പറയുന്ന കുറ്റക്കാരായ 19 റവന്യു ഉദ്യോഗസ്ഥർക്കെതിരെയെടുത്ത നടപടികൾ അറിയിക്കണമെന്നും കോടതി നിർദേശം നൽകി. പട്ടയഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് നൽകുന്ന എൻഒസി യഥാർഥമാണെന്ന് ഉറപ്പാക്കാൻ ക്യുആർ കോഡ് ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്നും കോടതി പറഞ്ഞു.

മൂന്നാർ മേഖലയിലെ കയ്യേറ്റം ഒഴിപ്പിക്കണം എന്നാവശ്യപ്പെട്ട് വൺ എർത്ത് വൺ ലൈഫ് നൽകിയ ഹർജിയാണ് പരിഗണിച്ചത്. ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചനക്കുറ്റം മാത്രമാണ് ചുമത്തിയതെന്നു ചൂണ്ടിക്കാട്ടിയ കോടതി കേസുകളിൽ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ ഏൽപിക്കുമെന്നും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കേസിൽ സിബിഐയെയും കക്ഷി ചേർത്തിട്ടുണ്ട്.

മൂന്നാറിൽ മാത്രമല്ല വാഗമണിലും കയ്യേറ്റം നടന്നിട്ടുണ്ടെന്നും കോടതി പറഞ്ഞു. കയ്യേറ്റത്തിന് പിന്നിൽ മാഫിയ തന്നെ ഉണ്ടാകും. രേഖകൾ വ്യാജമായി ഉണ്ടാക്കിയിട്ടുണ്ട്. റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത് നടക്കില്ലെന്നും കോടതി പറഞ്ഞു. ഇക്കാര്യങ്ങൾ സർക്കാരിനെ ധരിപ്പിക്കുമെന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അറിയിച്ചു.

English Summary:

High Court wants an honest revenue officer in the investigation team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com