നിയമസഭയോട് വിടപറഞ്ഞ് മന്ത്രി കെ.രാധാകൃഷ്ണൻ
Mail This Article
തിരുവനന്തപുരം∙ ‘സാധാരണക്കാരനായ എന്നെപ്പോലെ ഒരാൾക്കു ചെന്നെത്താൻ കഴിയാത്തത്ര ഉയരത്തിലെത്താൻ സഹായിച്ച പാർട്ടിക്കു നന്ദി, നിയമസഭാംഗവും മന്ത്രിയുമായിരിക്കെ വഴികാട്ടിയ മഹാരഥൻമാർക്കും നന്ദി’– സ്വതസിദ്ധമായ മൃദുശബ്ദത്തിൽ മന്ത്രി കെ.രാധാകൃഷ്ണൻ പതിനഞ്ചാം കേരള നിയമസഭയോടു യാത്ര പറഞ്ഞു. ഈ നിയമസഭയിൽ മന്ത്രിയുടെ അവസാന ദിവസമായിരുന്നു ഇന്നലെ. എന്നാൽ മന്ത്രിയായും എംഎൽഎയായും മൂന്നു ദിവസം കൂടി അദ്ദേഹം തുടരും. ലോകകേരളസഭയുടെ നാലാം സമ്മേളനം 15ന് അവസാനിച്ചശേഷമായിരിക്കും രാജി.
ഇന്നലെ ചോദ്യോത്തരവേളയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ചോദ്യത്തിനാണ് ഈ സഭയിലെ അവസാന ഉത്തരം മന്ത്രി പറഞ്ഞത്. ഇടമലക്കുടി പഞ്ചായത്ത് ഓഫിസ് സ്ഥിതി ചെയ്യുന്നതു ദേവികുളത്തായതു പ്രദേശവാസികൾക്കു ബുദ്ധിമുട്ടായതിനാൽ ഇടമലക്കുടിയിലേക്കു മാറ്റി സ്ഥാപിക്കുമോ എന്നായിരുന്നു എം.വി.ഗോവിന്ദന്റെ ചോദ്യം. വാഹനസൗകര്യമില്ലാത്തതാണു തടസ്സമെന്നും അതുണ്ടായാൽ ഉടൻ പഞ്ചായത്ത് ആസ്ഥാനം ഇടമലക്കുടിയിലേക്കു മാറ്റുമെന്നും മന്ത്രി മറുപടി നൽകിയതോടെ ചോദ്യോത്തരവേള അവസാനിച്ചു.
സ്പീക്കർ എ.എൻ.ഷംസീർ രാരാധാകൃഷ്ണന് ആശംസ നേർന്നു. ശൂന്യവേളയിൽ കൊട്ടിയൂർ വൈശാഖോത്സവം സംബന്ധിച്ചു സണ്ണി ജോസഫ് ഉന്നയിച്ച സബ്മിഷനും മന്ത്രി മറുപടി നൽകി.ധനാഭ്യർഥന ചർച്ചയിൽ മുഖ്യമന്ത്രി പ്രസംഗിച്ചശേഷം കെ.രാധാകൃഷ്ണനു വിടവാങ്ങൽ പ്രസംഗം നടത്താൻ സ്പീക്കർ അവസരം നൽകി. 1996ൽ ആദ്യമായി എംഎൽഎ ആയപ്പോൾ തന്നെ നായനാർ മന്ത്രിസഭയിൽ അംഗമായതടക്കം അദ്ദേഹം ഓർത്തെടുത്തു. ‘മുഖ്യമന്ത്രി പിണറായി വിജയൻ 96ലെ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നു. വൈദ്യുതി ക്ഷാമത്തിൽ കേരളം ഇരുട്ടിലേക്കു പോയ സമയമായിരുന്നു. 1056 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചാണ് അദ്ദേഹം കേരളത്തെ വെളിച്ചത്തിലേക്കു നയിച്ചത്’– മന്ത്രി പറഞ്ഞു.