ADVERTISEMENT

കൊച്ചി ∙ കേരളത്തിലെ സഹകരണ മേഖലയിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണു കരുവന്നൂരിൽ നടന്നതെന്ന് ഇ.ഡി ഹൈക്കോടതിയിൽ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ചിനു വിട്ടു നൽകാനാകില്ലെന്നും ഇ.ഡി വ്യക്തമാക്കി. ഇ.ഡി പിടിച്ചെടുത്ത രേഖകൾ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി തള്ളണമെന്നും അസി. ഡയറക്ടർ സുരേന്ദ്ര ജി. കാവിത്കർ നൽകിയ എതിർ സത്യവാങ്മൂലത്തിൽ പറയുന്നു. ക്രൈംബ്രാഞ്ച് നൽകിയ ഹർജി 19നു ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് എതിർ സത്യവാങ്മൂലം നൽകിയത്. 

2010ൽ കരുവന്നൂർ സഹകരണ ബാങ്ക് ഏറ്റവും വിശ്വസിക്കാവുന്ന ഒന്നായിരുന്നെന്നു സാക്ഷികൾ അറിയിച്ചിരുന്നു. എന്നാൽ 2012 മുതൽ രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ബാങ്കിലെ ജീവനക്കാരും കൈകോർത്ത് കരുവന്നൂർ ബാങ്കിൽ തട്ടിപ്പു നടത്തി. നിയമങ്ങൾ ലംഘിച്ചു വായ്പകൾ അനുവദിച്ചു. ബാങ്കിന്റെ പരിധിക്കു പുറത്തു താമസിക്കുന്ന ഒൻപതാം പ്രതി പി.പി. കിരൺ ഉൾപ്പെടെ 51 പേർക്കാണ് 24.56 കോടി രൂപ നിയമവിരുദ്ധമായി വായ്പയായി അനുവദിച്ചത്. ഈ തുകയിപ്പോൾ പലിശയടക്കം 48 കോടി രൂപയായി വർധിച്ചു.

ക്രൈംബ്രാഞ്ച് 2021 ജൂലൈ 21ന് അന്വേഷണം ആരംഭിച്ചതാണ്. ഇ.ഡി അന്വേഷണം തുടങ്ങിയത് 2022 ഓഗസ്റ്റ് 10നാണ്. രേഖകൾ പിടിച്ചെടുത്തത് 2022 ഓഗസ്റ്റ് 20നും. കൃത്യമായ രീതിയിലുള്ള അന്വേഷണമാണു നടത്തിയതെങ്കിൽ ക്രൈംബ്രാഞ്ചിനു രേഖകൾ പിടിച്ചെടുക്കാൻ മതിയായ സമയമുണ്ടായിരുന്നു. അതിനാൽ രേഖകൾ വേണമെന്ന് ആവശ്യപ്പെടാനാവില്ല. പിഎംഎൽഎ കോടതിയിലുള്ള രേഖകൾ വിട്ടുനൽകണമെന്ന ആവശ്യം ഉന്നയിക്കാനാവില്ല.

55 പ്രതികൾക്കെതിരെയുള്ള അന്വേഷണം പൂർത്തിയായി. വിചാരണയിൽ ഈ രേഖകൾ ഹാജരാക്കേണ്ടതുണ്ട്. ഒരു അന്വേഷണ ഏജൻസി പിടിച്ചെടുത്തു കോടതിയിൽ ഹാജരാക്കിയ രേഖകൾ മറ്റൊരു ഏജൻസിക്കു നൽകാൻ ഉത്തരവിടാനാകില്ല. കേസിൽ ക്രൈംബ്രാഞ്ചിന് എല്ലാവിധ സഹായവും നൽകുന്നുണ്ടെന്നും അറിയിച്ചു. 

English Summary:

Karuvannur biggest bank robbery in co-operative sector says Enforcement Directorate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com