സൈബർ പോരാളികളെ വിമർശിച്ച് എം.വി. ജയരാജൻ; ജോലിചെയ്തു ജീവിക്കൂ എന്നു മറുപടി
Mail This Article
കണ്ണൂർ∙ ഇടതുപക്ഷമെന്നു കരുതുന്ന പല സമൂഹമാധ്യമ കൂട്ടായ്മകളും തിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ എതിരാളികളാൽ വിലയ്ക്കെടുക്കപ്പെട്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന എം.വി.ജയരാജൻ. ചെങ്കോട്ട, ചെങ്കതിർ, പോരാളി ഷാജി തുടങ്ങിയ സമൂഹമാധ്യമ കൂട്ടായ്മകളെ ആശ്രയിക്കുന്നവർ ഇക്കാര്യം ഓർക്കണമെന്ന് അദ്ദേഹം തുറന്നടിച്ചു.
അധികാരത്തിന്റെ സുഖത്തിൽ ജനത്തെ മറന്ന്, അവരെ പിഴിഞ്ഞ് ഭരിച്ചതാണ് തോൽവിക്ക് കാരണമായതെന്നു പറഞ്ഞ് സിപിഎം അണികളുടെ സൈബർ ഗ്രൂപ്പെന്ന് അവകാശപ്പെടുന്ന ‘പോരാളി ഷാജി’ മറുപടിയുമായി തൊട്ടുപിന്നാലെ രംഗത്തെത്തി. കേരളം കടംകയറി മുടിഞ്ഞതും ആരോപണങ്ങളും ജനം ചർച്ചചെയ്യുമ്പോൾ ഭരണത്തുടർച്ചയിൽ അഭിരമിച്ചതു തോൽവിക്കു കാരണമായി. ജനങ്ങൾക്കൊപ്പം നിൽക്കാൻ പറ്റുന്നില്ലെങ്കിൽ, ചോരകൊണ്ട് ചുവപ്പിച്ച ചെങ്കൊടി താഴെവച്ച് നേതാക്കൾ വല്ല ജോലിയും ചെയ്ത് ജീവിക്കണമെന്നും പോസ്റ്റിൽ പറയുന്നു.
ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി.കെ.കുഞ്ഞനന്തന്റെ നാലാം ചരമവാർഷികത്തിൽ പാനൂർ പാറാട്ട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ജയരാജന്റെ വിമർശനം. ഇന്നലെ വരെ ഇടത് അനുകൂല കാര്യങ്ങൾ വന്നിടത്ത് കോൺഗ്രസ് അനുകൂല, ഷാഫി അനുകൂല പോസ്റ്റുകൾ വന്നെന്നും വടകരയിലെ സ്ഥാനാർഥി കെ.കെ.ശൈലജയെ അധിക്ഷേപിക്കാൻ നേതൃത്വം കൊടുത്തത് സമൂഹമാധ്യമ സംവിധാനമാണെന്നും ജയരാജൻ കുറ്റപ്പെടുത്തി.
നേരത്തേ, പി.ജയരാജന്റെ വാഴ്ത്തുപാട്ടുകാരായി വന്ന ‘പിജെ ആർമി’യെന്ന സമൂഹമാധ്യമ കൂട്ടായ്മയെ സിപിഎം തള്ളിപ്പറഞ്ഞിരുന്നു. റെഡ് ആർമിയെന്ന പേരിലാണ് അവരുടെ ഇപ്പോഴത്തെ ഇടപെടൽ. എന്നാൽ, ആ പേര് എം.വി.ജയരാജൻ പ്രസംഗത്തിൽ പരാമർശിച്ചില്ല.