വിമാനം ചാർട്ടർ ചെയ്ത് മനുഷ്യക്കടത്ത്: രാമപ്രസാദിനെ ചോദ്യം ചെയ്യും
Mail This Article
കൊച്ചി∙ റുമാനിയൻ വിമാനം ചാർട്ടർ ചെയ്തു 13 കുട്ടികൾ അടക്കം 300 ഇന്ത്യക്കാരെ യുഎഇയിൽ നിന്നു നിക്കരാഗ്വയിലേക്കു കടത്താൻ ശ്രമിച്ച കേസിൽ രാജ്യാന്തര അവയവക്കച്ചവട റാക്കറ്റിന്റെ മുഖ്യ ഏജന്റ് ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശി ബല്ലംകൊണ്ട രാമപ്രസാദിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. കേരള പൊലീസിന്റെ കസ്റ്റഡി കാലാവധി പൂർത്തിയാക്കിയ ശേഷം ബല്ലംകൊണ്ട രാമപ്രസാദിനെ ജയിലിൽ ചോദ്യം ചെയ്യാനാണു മുംബൈ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഒരുങ്ങുന്നത്.
മനുഷ്യക്കടത്തിനായി റാക്കറ്റിനു ചാർട്ടർ വിമാനം നൽകിയ റുമാനിയയിലെ ലെജന്റ് എയർലൈൻസിലെ ഉദ്യോഗസ്ഥരെ ഫ്രഞ്ച് പൊലീസും ദേശീയ അന്വേഷണ ഏജൻസിയും ചോദ്യം ചെയ്തിരുന്നു. 2023 ഡിസംബർ 24നാണു മനുഷ്യക്കടത്തു സംഘത്തിന്റെ നിയന്ത്രണത്തിലായിരുന്ന റുമാനിയൻ വിമാനം ഫ്രഞ്ച് പൊലീസ് പാരിസിൽ തടഞ്ഞുവച്ച് 300 പേരെ മോചിപ്പിച്ചത്. ഒന്നര വയസ്സുള്ള കുട്ടിയടക്കം മാതാപിതാക്കൾ ഒപ്പമില്ലാത്ത 13 കുട്ടികളും ഇവർക്കൊപ്പമുണ്ടായിരുന്നു. മനുഷ്യക്കടത്തു സംഘത്തിലെ രണ്ടുപേരെ വിമാനത്തിൽ നിന്നു കസ്റ്റഡിയിലെടുത്ത ഫ്രഞ്ച് പൊലീസ് പ്രോസിക്യൂഷൻ നടപടികൾക്കു വേണ്ടി ജയിലിൽ അടച്ചിരുന്നു. ഇവർ രണ്ടുപേരും മലയാളികളാണെന്നാണു ലഭ്യമായ വിവരം.
ഇറാൻ, സൈബീരിയൻ, റുമാനിയ, തുർക്കി എന്നിവിടങ്ങളിലേക്കാണു റാക്കറ്റ് ഇന്ത്യക്കാരെ കടത്തിയിരുന്നത്. ഈ കേസിൽ അവയവക്കച്ചവടവുമായി ബന്ധപ്പെട്ട അന്വേഷണം ഇതുവരെ നടത്തിയിരുന്നില്ല. രാജ്യാന്തര അവയവക്കച്ചവട റാക്കറ്റ് വിദേശരാജ്യങ്ങളിലേക്ക് ഇന്ത്യക്കാരെ കടത്തുന്ന വിവരം ഇപ്പോൾ പുറത്തുവന്നതോടെയാണു റാക്കറ്റിന്റെ മുഖ്യകണ്ണിയായ ബല്ലംകൊണ്ട രാമപ്രസാദിനെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം ഒരുങ്ങുന്നത്.
ഫ്രഞ്ച് പൊലീസ് കസ്റ്റഡിയിലെടുത്ത 300 ഇന്ത്യക്കാരിൽ പലരും യൂറോപ്യൻ രാജ്യങ്ങളിൽ തൊഴിൽതേടിയാണു റാക്കറ്റുമായി ബന്ധപ്പെട്ടത്. ഇന്ത്യയിൽ നിന്ന് ഇവരെ ആദ്യം കടത്തിയിരുന്നത് യുഎഇയിലെ എമിറേറ്റായ ഫുജൈറയിലേക്കും അവിടെ നിന്നു റുമാനിയയിലേക്കുമാണ്. 2020 നവംബറിൽ ഈ റാക്കറ്റിന്റെ മുഖ്യകണ്ണികളായ രണ്ട് ഇന്ത്യക്കാരടക്കം 32 പേരെ സെർബിയൻ അതിർത്തിയിൽ യൂറോപ്യൻ യൂണിയൻ സംഘടിത കുറ്റാന്വേഷണ ഏജൻസി (യൂറോപോൾ) പിടികൂടിയിരുന്നു.
വായുസഞ്ചാരം ഉറപ്പാക്കിയ വലിയ കണ്ടെയ്നറുകളിൽ ഒളിപ്പിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. ജർമനിയിൽ എത്തിക്കാമെന്നു വാഗ്ദാനം ചെയ്ത് ഓരോരുത്തരിൽ നിന്നും 6000 യൂറോ (5.37 ലക്ഷം രൂപ) വരെ റാക്കറ്റ് കൈവശപ്പെടുത്തിയതായി യൂറോപോളിനു മൊഴി ലഭിച്ചിരുന്നു. റുമാനിയ കേന്ദ്രീകരിച്ച് ഇന്ത്യക്കാർ നിയന്ത്രിക്കുന്ന മനുഷ്യക്കടത്ത് റാക്കറ്റ് പ്രവർത്തിക്കുന്നതായുള്ള വിവരം പുറത്തുവന്നതോടെയാണ് റാക്കറ്റിന്റെ പ്രവർത്തനം ഇറാൻ കേന്ദ്രീകരിച്ചുള്ള അവയവക്കച്ചടത്തിലേക്കു തിരഞ്ഞതെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.