പൊലീസ് ഉന്നതതല യോഗം ഇന്ന്; പൊലീസ്– ഗുണ്ടാ ബന്ധം ഉൾപ്പെടെ ചർച്ചയ്ക്ക്
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തെ ഗുണ്ടാ അഴിഞ്ഞാട്ടവും പൊലീസ്– ഗുണ്ടാ ബന്ധവും ഉൾപ്പെടെ ചർച്ച ചെയ്യാൻ പൊലീസ് ഉന്നതതല യോഗം ഇന്നു ചേരും. പൊലീസ് ആസ്ഥാനത്താണു യോഗം. അടുത്തിടെ ഗുണ്ടകൾ കേരളത്തിൽ അഴിഞ്ഞാടിയതും പൊലീസിലെ പലർക്കുമുള്ള ഗുണ്ടാ ബന്ധം പുറത്തു വന്നതും സർക്കാരിനു വലിയ നാണക്കേടായിരുന്നു. ഹൈക്കോടതി കേരള പൊലീസിനെ ഒന്നിലേറെ തവണ വിമർശിച്ചതും ഉന്നതർ ഗൗരവത്തിലെടുത്തിട്ടുണ്ട്.
ലഹരി ഉപയോഗ കേസുകൾ, വസ്തു കയ്യേറ്റ കേസുകൾ, കൊലപാതകം, കൊലപാതക ശ്രമം, സ്ത്രീകൾക്കെതിരായ അക്രമം, കുട്ടികൾക്കെതിരായ കേസുകൾ, പട്ടികവിഭാഗത്തിനെതിരായ അക്രമം എന്നിവയും യോഗം ചർച്ച ചെയ്യും. തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം അവസാനിച്ചതോടെ സംസ്ഥാന പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബാണു ക്രമസമാധാനച്ചുമതലയുള്ള ജില്ലാ പൊലീസ് മേധാവികൾ മുതൽ എഡിജിപി വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. പൊലീസ് ആസ്ഥാനത്തെ ഉന്നതർ, ക്രൈംബ്രാഞ്ച് മേധാവി, ഇന്റലിജൻസ് മേധാവി എന്നിവരും പങ്കെടുക്കും.