രാമങ്കരിയിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പ്; യുഡിഎഫിനെതിരെ മത്സരിച്ചവരെ പുറത്താക്കി,പിന്തുണച്ചവർക്ക് സസ്പെൻഷൻ
Mail This Article
ആലപ്പുഴ ∙ രാമങ്കരി പഞ്ചായത്തിൽ വിമതരെ ഒതുക്കാൻ യുഡിഎഫുമായി കൈകോർത്ത സിപിഎം, യുഡിഎഫിനെ അധികാരത്തിലെത്തിച്ച ശേഷവും രാഷ്ട്രീയ നാടകം തുടരുന്നു. യുഡിഎഫിനു വോട്ടു ചെയ്ത 4 അംഗങ്ങൾക്കെതിരായുള്ള നടപടി സസ്പെൻഷനിൽ ഒതുക്കിയ സിപിഎം ജില്ലാ നേതൃത്വം വിമത പക്ഷത്തെ 4 അംഗങ്ങളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കി.
പാർട്ടി തീരുമാനം ലംഘിച്ചു തിരഞ്ഞെടുപ്പിൽ മത്സരിച്ചു എന്നതാണു കുറ്റം. കഴിഞ്ഞ ദിവസം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അവസാന നിമിഷം സിപിഎം ഔദ്യോഗിക സ്ഥാനാർഥികൾ പിന്മാറിയപ്പോഴാണു പകരം വിമതർ മത്സരിച്ചത്.
എന്നാൽ വിമതർ മത്സരിച്ചതു കൊണ്ടാണ് ഔദ്യോഗിക വിഭാഗം പിൻവാങ്ങിയത് എന്നാണ് ഇപ്പോൾ സിപിഎം ജില്ലാ നേതൃത്വം നൽകുന്ന വിശദീകരണം. ഔദ്യോഗിക പക്ഷത്തെ 4 പേരെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട പത്രക്കുറിപ്പിൽ ഇവർ യുഡിഎഫിനു വോട്ടു ചെയ്തതിനെക്കുറിച്ച് ഒരു വരി പോലുമില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന പാർട്ടി തീരുമാനം ലംഘിച്ചതിനാണു നടപടിയെന്നാണ് ഇതിൽ പറയുന്നത്.