ADVERTISEMENT

കൊല്ലം ∙ സാബു എന്ന വെളിച്ചത്തെ അഗ്നി അണച്ചതോടെ ഇരുളിലായത് വെളിച്ചിക്കാല വടകോട്ട് വിളയിൽ കുടുംബം. ബുധനാഴ്ച വൈകുന്നേരം വി.ഒ.ലൂക്കോസിന്റെ (സാബു–48) മരണവാർത്ത അറിഞ്ഞപ്പോൾ മുതൽ തളർന്നിരിക്കുകയാണ് ഭാര്യ ഷൈനിയും 2 മക്കളും. എന്തുചെയ്യണമെന്ന് അറിയാതെ വിലപിക്കുകയാണ് പിതാവ് ഉണ്ണൂണ്ണിയും മാതാവ് കുഞ്ഞമ്മയും.

7 സഹോദരങ്ങളിൽ ഇളയവനാണ് സാബു. പ്രായമുള്ള മാതാപിതാക്കൾക്കു കൂട്ടിനായാണ് ഭാര്യയെയും മക്കളെയും നാട്ടിലാക്കി 18 വർഷമായി വിദേശത്തു ജോലി ചെയ്യുന്നത്. വീട്ടിലെ വിവരങ്ങൾ അറിയാൻ ദിവസവും പലതവണ സാബു വിളിക്കുമായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പതിവു വിളി എത്താതിരുന്നതോടെ വീട്ടിൽ അങ്കലാപ്പായി. ഇതിനിടെയാണ് കുവൈത്തിൽ തൊഴിലാളികൾ പാർക്കുന്ന സ്ഥലത്തു തീപടർന്നുവെന്നും ഒട്ടേറെ മലയാളികൾ അകപ്പെട്ടുവെന്നുമുള്ള വാർത്ത പരന്നത്. 

പള്ളിമൺ സിദ്ധാർഥ സെൻട്രൽ സ്കൂളിൽ പ്ലസ്ടുവിനു പഠിച്ചിരുന്ന മൂത്ത മകൾ ലിഡിയ ഉന്നത വിജയം നേടിയിരുന്നു. ഇളയ മകൾ ലോയിസ് അതേ സ്കൂളിൽ 5–ാം ക്ലാസിൽ പഠിക്കുന്നു. നഴ്സിങ് പഠനം ആഗ്രഹിക്കുന്ന ലിഡിയയ്ക്ക് ബെംഗളൂരുവിൽ ഇന്ന് എഴുത്തുപരീക്ഷയും ഇന്റർവ്യൂവും ഉണ്ടായിരുന്നു. അതിനായി ഷൈനിയും മകളും ഇന്നലെ യാത്ര തിരിക്കേണ്ടതായിരുന്നു. ഉന്നതവിജയം നേടിയ മകൾക്കായി സാബു സമ്മാനം വാങ്ങിയിരുന്നു. അതുമായി രണ്ടാഴ്ചയ്ക്കു ശേഷം വരേണ്ടതായിരുന്നു.

മരിച്ചവരിൽ ബന്ധുക്കളും; മാത്യു തോമസ് 30 വർഷമായി കുവൈത്തിൽ, ഷിബു വർ‌ഗീസ് 10 വർഷം

ചെങ്ങന്നൂർ / ചങ്ങനാശേരി ∙ കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ചവരിൽ അടുത്ത ബന്ധുക്കളും. ചെങ്ങന്നൂർ പാണ്ടനാട് മണക്കണ്ടത്തിൽ മാത്യു തോമസും (ബിജു–53) സഹോദരീപുത്രൻ പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കൽ ഷിബു വർ‌ഗീസും (38) ആണ് മരിച്ചത്. ഇരുവരും എൻബിടിസിയിലാണു ജോലി ചെയ്തിരുന്നത്. 

നിരണം പ്ലാംചുവട്ടിൽ കുടുംബാംഗമായ മാത്യു 30 വർഷമായി കുവൈത്തിലാണ്. സെയിൽസ് വിഭാഗത്തിലായിരുന്നു ജോലി. അവധിക്കു നാട്ടിലെത്തി കഴിഞ്ഞ ഫെബ്രുവരി 6നാണ് മടങ്ങിപ്പോയത് 

ഷിബു വർ‌ഗീസ് 10 വർഷമായി എൻബിടിസി കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. ഇതേ കമ്പനിയിൽ ചീഫ് അക്കൗണ്ടന്റായ സഹോദരൻ ഷിജു വർഗീസും അപകടം നടന്ന ഫ്ലാറ്റിന്റെ സമീപത്തായിരുന്നു താമസം. ഷിജുവാണ് ഷിബുവിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്.

ഷിബുവിന്റെ ഭാര്യ തൃക്കൊടിത്താനം പുലിക്കോട്ടുപടി പാറക്കുളം കുടുംബാംഗം റോസി തോമസ് (റിയ) ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ നഴ്സാണ്. ഏയ്ഡൻ വർഗീസ് (3) ഏകമകനാണ്. ഷിനുവാണ് മാത്യുവിന്റെ ഭാര്യ.

English Summary:

Sabu death in Kuwait Fire Tragedy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com