നിതിനൊരു വീട്, വിവാഹം; പൊലിഞ്ഞത് സ്വപ്നം
Mail This Article
വയക്കര (കണ്ണൂർ) ∙ കുവൈത്ത് ദുരന്തത്തിൽ മരിച്ച നിതിന്റെ വിയോഗം നാടിന്റെ ദുഃഖമായി. 5 വർഷമായി കുവൈത്തിൽ കമ്പനി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു നിതിൻ. വയക്കര ചേട്ടൂർകാവിനു സമീപം നിർമിക്കുന്ന വീടിന്റെ തറ പൂർത്തീകരിച്ചു.
അടുത്ത വർഷം വീടുപണി പൂർത്തിയാക്കി കുടുംബജീവിതം തുടങ്ങുവാനുള്ള ആഗ്രഹം നിതിൻ സഹപ്രവർത്തകരുമായി പങ്കുവച്ചിരുന്നു. നിതിന്റെ അമ്മ ചെന്തല ഇന്ദിര കാൻസർ ബാധിച്ചു മരിച്ചിരുന്നു. അച്ഛൻ കൂത്തൂർ ലക്ഷ്മണൻ ചെറുപുഴ സെന്റ് ജോസഫ്സ് സ്കൂളിലെ ബസ് ഡ്രൈവറാണ്. സഹോദരൻ ജിതിൻ സ്വകാര്യ ബസ് കണ്ടക്ടർ.
രക്ഷിക്കാനെത്തിയ നൂഹിനെയും മരണം വിഴുങ്ങി
തിരൂർ (മലപ്പുറം) ∙ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കു മുന്നിൽനിൽക്കുന്നയാളാണു കൂട്ടായി സ്വദേശി നൂഹ്. കുവൈത്തിൽ നൂഹ് താമസിക്കുന്ന സ്ഥലത്തു തീപിടിത്തമുണ്ടായെന്നു കേട്ട് ഓടിയെത്തിയ സഹോദരങ്ങൾക്ക് ആദ്യം ലഭിച്ച വിവരം നൂഹ് മറ്റുള്ളവരെ സഹായിക്കാൻ ഓടുന്നതു കണ്ടെന്നാണ്. ഫോണിൽ കിട്ടിയില്ലെങ്കിലും വാട്സാപ്പിൽ ഓൺലൈൻ ആയിരുന്നതു പ്രതീക്ഷ നൽകി. മൊബൈലിലുള്ള നൂഹിന്റെ ഫോട്ടോ കണ്ട് ഇദ്ദേഹത്തിന്റെ മൃതദേഹം മോർച്ചറിയിലുണ്ടെന്നു കൂട്ടത്തിലൊരാൾ പറഞ്ഞതോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു.
കൂട്ടായി കടപ്പുറത്തു ജനിച്ചു വളർന്ന നൂഹ് 11 വർഷമായി പ്രവാസിയാണ്. ആദ്യം മത്സ്യത്തൊഴിലാളിയായിരുന്നു. നിർമാണത്തൊഴിലാളിയായി പുതിയ കമ്പനിയിൽ ജോലിക്കു കയറിയത് 2 മാസം മുൻപാണ്. 3 പെൺമക്കളും ഭാര്യയുമടങ്ങുന്ന കുടുംബം. 4 മാസം മുൻപാണു തിരിച്ചുപോയത്. സഹോദരങ്ങളായ സുബൈറും സൈനുദ്ദീനും താമസിക്കുന്നതു തൊട്ടടുത്താണ്.