ADVERTISEMENT

തിരുവനന്തപുരം ∙ സിപിഐയുടെ രണ്ട് അസിസ്റ്റന്റ് സെക്രട്ടറിമാരും ജനപ്രതിനിധികളാവുന്ന സാഹചര്യമാണെങ്കിലും സംസ്ഥാന നേതൃനിരയിൽ തൽക്കാലം മാറ്റമുണ്ടാകില്ല. എംഎൽഎയും നിയമസഭയിലെ കക്ഷി നേതാവും ആയിരിക്കെയാണ് ഇ.ചന്ദ്രശേഖരനെ അസി. സെക്രട്ടറിയായി നിയമിച്ചത്. അതുകൊണ്ടുതന്നെ പി.പി.സുനീർ രാജ്യസഭാംഗമാകുന്നുവെന്നതു സ്ഥാനമാറ്റത്തിനുള്ള കാരണമായി പാർട്ടി കാണുന്നില്ല.

പാർട്ടിക്കു സ്വാധീനമില്ലാത്ത മണ്ഡലങ്ങളിൽ മത്സരിച്ചു പരാജയപ്പെട്ട സുനീർ പാർലമെന്ററി രംഗത്തു പദവികളൊന്നും വഹിച്ചിട്ടില്ല. പ്രവർത്തന മികവിനൊപ്പം ഈ സാഹചര്യം കൂടി കണക്കിലെടുത്തുള്ള അംഗീകാരമായാണു രാജ്യസഭാംഗത്വം നൽകിയത്. അതുകൊണ്ടുതന്നെ പ്രവർത്തന മണ്ഡലം മാറ്റുന്നില്ല.

കഴിഞ്ഞ തവണ പി.സന്തോഷ്കുമാറിനെ രാജ്യസഭാംഗമാക്കിയപ്പോൾ ‍ഡൽഹിയിലെ പാർട്ടി സെന്ററിനെ സഹായിക്കുക എന്ന ഉത്തരവാദിത്തം കൂടി നൽകിയിരുന്നു. കെ.ഇ.ഇസ്മായിൽ എംപിയായിരിക്കെ അസി.സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുമുണ്ട്. ബിനോയ് വിശ്വം സെക്രട്ടറി സ്ഥാനത്തെത്തുമ്പോൾ രാജ്യസഭാംഗമായിരുന്നു. രാജ്യസഭയിലേക്കു നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു മുൻപായി ഹൗസിങ് ബോർഡ് ചെയർമാൻ സ്ഥാനം പി.പി.സുനീർ രാജിവച്ചിരുന്നു. സുനീറിനു പുറമേ, മാങ്കോട് രാധാകൃഷ്ണൻ, ഗീത ഗോപി എന്നിവരാണു ബോർഡിൽ സിപിഐ അംഗങ്ങൾ. പകരം ചെയർമാൻ സിപിഐയിൽനിന്നു തന്നെയാകുമെങ്കിലും പുതിയൊരാൾ വരാനാണു സാധ്യത.

English Summary:

There will be no change in CPI leadership

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com