മഞ്ഞുമ്മൽ ബോയ്സ് നടൻ സൗബിനെയും പിതാവിനെയും ഇ.ഡി. ചോദ്യം ചെയ്തു
Mail This Article
കൊച്ചി∙ ലാഭക്കണക്കു പെരുപ്പിച്ചു കാണിച്ചു കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളായ നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ എന്നിവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്തു. ഈ മാസം ഏഴിനാണ് ഇ.ഡി. കൊച്ചി യൂണിറ്റ് ഓഫിസിൽ വിളിച്ചുവരുത്തി സൗബിനെ ചോദ്യം ചെയ്തത്. പത്തിനു ബാബു ഷാഹിറിനെയും ചോദ്യം ചെയ്തു. അന്നു തന്നെ സൗബിനോടു വീണ്ടും ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അസൗകര്യം അറിയിച്ചതിനാൽ മറ്റൊരു ദിവസം ചോദ്യം ചെയ്യൽ തുടരും.
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ കേരളത്തിലെ പ്രദർശന വിജയം സംബന്ധിച്ച് അന്വേഷണ സംഘത്തിനു സംശയമില്ല. കേരളത്തിനു പുറത്തു നിന്നുള്ള തിയറ്ററുകളിലെ ടിക്കറ്റ് കലക്‌ഷൻ കണക്കുകളാണു സൗബിനോട് അന്വേഷണ സംഘം ചോദിച്ചു മനസ്സിലാക്കിയത്. ഇതിന്റെ രേഖകൾ പൂർണമായി ഹാജരാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണു ചോദ്യം ചെയ്യൽ തുടരുന്നത്.
സിനിമയുടെ നിർമാണത്തിനു 7 കോടി രൂപ മുടക്കിയ അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദ് നിർമാതാക്കൾ ലാഭവിഹിതം നൽകിയില്ലെന്നു കാണിച്ചു പരാതി നൽകിയതോടെയാണു സിനിമയുടെ പ്രദർശന വിജയത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചതായുള്ള ആരോപണങ്ങളും തലപൊക്കിയത്. ഇ.ഡി. നടത്തിയ പ്രാഥമിക പരിശോധനകളിൽ ആരോപണം ശരിവയ്ക്കുന്ന വിവരങ്ങൾ ലഭിച്ചതോടെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.
നിർമാണ കമ്പനിയായ പറവ ഫിലിംസിന്റെ മറ്റൊരു പങ്കാളി ഷോൺ ആന്റണി, വിതരണക്കമ്പനിയായ ഡ്രീം ബിഗ് ഫിലിംസ് ഉടമ ജെ.സുജിത്ത് എന്നിവരെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇവരുടെ ആദ്യമൊഴികളിൽ പൊരുത്തക്കേടുണ്ട്. നാലു പേരുടെയും മൊഴികൾ വീണ്ടും പരിശോധിച്ച ശേഷം ഇവരെ വീണ്ടും വിളിപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മൊഴികൾ സാധൂകരിക്കാനുള്ള രേഖകൾ മുഴുവൻ ഹാജരാക്കാൻ ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്. സുജിത്ത് കേരളത്തിൽ വിതരണം ചെയ്ത തമിഴ്സിനിമകളുടെ കലക്‌ഷൻ കണക്കുകളും അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.