പൊളിറ്റിക്കൽ ക്രിമിനലുകൾ മാധ്യമങ്ങളെ സ്വാധീനിക്കുന്നു: ജി.സുധാകരൻ
Mail This Article
ആലപ്പുഴ∙ പൊളിറ്റിക്കൽ ക്രിമിനലുകൾ രാഷ്ട്രീയത്തിൽ കിടന്നു നുളഞ്ഞു പുളയ്ക്കുകയാണെന്നു മുൻമന്ത്രി ജി.സുധാകരൻ. അവർ 90 ശതമാനം മാധ്യമങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. പാർട്ടിയുടെ രാഷ്ട്രീയവും സംഘടനാസംവിധാനവും മനസ്സിലാക്കി സംസാരിക്കുന്ന അവസാനത്തെ ആളെ ഇല്ലാതാക്കിയാൽ പാർട്ടി ഇല്ലാതാകും. അതിനാണു മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
കഴിഞ്ഞ ദിവസം സിപിഎം സംഘടിപ്പിച്ച സി.ബി.സി വാരിയർ അനുസ്മരണച്ചടങ്ങിൽ താൻ പങ്കെടുക്കാതെ മടങ്ങിയതും മോദി ശക്തനായ ഭരണാധികാരിയാണെന്നു പറഞ്ഞ അഭിമുഖവും ചില മാധ്യമങ്ങൾ തെറ്റായാണു നൽകിയത് എന്നു ചൂണ്ടിക്കാട്ടിയായിരുന്നു സുധാകരന്റെ വിമർശനം. എൻ.വി.പ്രഭു സ്മാരക അവാർഡ് വിതരണച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
‘‘സി.ബി.സി വാരിയർ ഫൗണ്ടേഷൻ പരിപാടിയിൽ നിന്നു താൻ ഇറങ്ങി പോയെന്നു വാർത്ത വന്നു. തനിക്കു ചാരുംമൂട്ടിൽ മറ്റൊരു പരിപാടിയുണ്ടായിരുന്നു. പരിപാടി തുടങ്ങാൻ വൈകിയപ്പോൾ അക്കാര്യം പറഞ്ഞിട്ടാണു പോയത്. മോദിയെ പുകഴ്ത്തി എന്നും വാർത്ത വന്നു. മോദി ശക്തനായ ഭരണാധികാരി എന്നാണു താൻ പറഞ്ഞത്. നല്ല ഭരണാധികാരി എന്നു പറഞ്ഞില്ല. ശക്തൻ എന്നാൽ നല്ലത് എന്നർഥമില്ല. ഹിറ്റ്ലറും സർ സിപിയുമെല്ലാം ശക്തരായിരുന്നില്ലേ? ആയിരം കഴുതകളെ ഒരു സിംഹം നയിക്കുന്നതാണു നല്ലതെന്നു പഴഞ്ചൊല്ലു പറഞ്ഞതു പിണറായിയെപ്പറ്റി ആണെന്നും ചിലർ വ്യാഖ്യാനിച്ചു’’– സുധാകരൻ പറഞ്ഞു.