ADVERTISEMENT

കൊച്ചി ∙ സ്വന്തം മന്ത്രിമാർക്ക് ‘മോശം’ മാർക്കിട്ട് സിപിഐ ജില്ലാ കൗൺസിൽ യോഗത്തിൽ വിമർശന ശരങ്ങൾ. ജനങ്ങളുമായി അടുത്തു പ്രവർത്തിക്കേണ്ട ഭക്ഷ്യ–സിവിൽ സപ്ലൈസ്, റവന്യു വകുപ്പുകൾ അമ്പേ പരാജയപ്പെട്ടത് തിരഞ്ഞെടുപ്പ് തോൽവിയുടെ ആഘാതം വർധിപ്പിച്ചതായി സിപിഐ എറണാകുളം ജില്ലാ കൗൺസിലിൽ വിമർശനം. മന്ത്രി ജി.ആർ.അനിലിനെതിരെ ആരംഭിച്ച വിമർശനം കെ.രാജനിലേക്കും നീണ്ടു. സ്വന്തം പാർട്ടിയുടെ മന്ത്രിമാരെ ഒരു പോലെ കടന്നാക്രമിച്ചാണ് ജില്ലാ കൗൺസിൽ, എക്സിക്യൂട്ടീവ് യോഗങ്ങൾ പിരിഞ്ഞത്. ഭരണം കൊണ്ട് പാർട്ടിക്കോ ജനങ്ങൾക്കോ ഒരു ഗുണവും ഉണ്ടായില്ലെന്നും കൗൺസിലിൽ കടുത്ത വിമർശനം ഉയർന്നു. സിവിൽ സപ്ലൈസ് ഷോറൂമുകൾ കാലിയായി കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. ധനവകുപ്പിന്റെ പിടിപ്പുകേടാണ് സിവിൽ സപ്ലൈസിനെ തകർത്തതെങ്കിലും പ്രത്യക്ഷത്തിൽ ഭക്ഷ്യ വകുപ്പിന്റെ വീഴ്ചയായാണ് ജനങ്ങൾ കണ്ടത്. ഫോർട്ട് കൊച്ചി ആർഡിഒ ഓഫിസിൽ കയറിയിറങ്ങി മടുത്ത ജനം എങ്ങനെ ഈ സർക്കാരിനെ പിന്തുണയ്ക്കുമെന്നു ചോദ്യമുയർന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ വിമർശനമുണ്ടായി. 

എൽഡിഎഫ് കൺവീനർ ബിജെപി നേതാക്കളെ കണ്ടത് പ്രവർത്തകരിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കിയെന്നും എൽഡിഎഫ് യോഗത്തിൽ പാർട്ടി ഇക്കാര്യം ഉന്നയിക്കണമെന്നും ആവശ്യമുയർന്നു. സിപിഐ അഭിപ്രായമില്ലാത്ത പാർട്ടിയായി മാറിയെന്നും വെളിയം ഭാർഗവനും സി.കെ.ചന്ദ്രപ്പനും ഇരുന്ന കസേര ഇത്ര പെട്ടെന്ന് ദുർബലമായിപ്പോയല്ലോ എന്നും വിമർശനമുണ്ടായി. തിരഞ്ഞെടുപ്പു സംബന്ധിച്ച് ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ സിപിഎം ഏകപക്ഷീയമായാണ് കാര്യങ്ങൾ നീക്കിയതെന്നും പലയിടത്തും സിപിഐക്ക് റോൾ ഇല്ലായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ പ്രീണനം കൂടിയതോടെ പരമ്പരാഗതമായ ഭൂരിപക്ഷ വോട്ടുകളിൽ ചോർച്ച സംഭവിച്ചുവെന്നും വിമർശനം വന്നു. 

കരുവന്നൂരിൽ മിണ്ടാതിരുന്നത് തിരിച്ചടിയായെന്ന് സിപിഐ

തൃശൂർ∙ കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പാർട്ടി മിണ്ടാതിരുന്നതു ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നു സിപിഐ ജില്ലാ കൗൺസിലിന്റെ തിരഞ്ഞെടുപ്പ് അവലോകനത്തിൽ വിമർശനം. കരുവന്നൂരിൽ ഇരകൾക്ക് ഒപ്പമായിരുന്നു നിൽക്കേണ്ടിയിരുന്നതെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. വോട്ട് ചോർച്ചയ്ക്കു പ്രധാന കാരണം പെൻഷൻ നൽകാത്തതും സപ്ലൈകോയിൽ സാധനങ്ങൾ ഇല്ലാത്തതുമാണെന്നും അംഗങ്ങൾ പറഞ്ഞു. 

English Summary:

CPI district council criticized party's silence on Karuvannur bank scam becomes a setback in Lok Sabha elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com