രാഷ്ട്രീയ താൽപര്യത്തോടെ പാഠഭാഗങ്ങൾ ഒഴിവാക്കരുത്; ബാബറി മസ്ജിദ് പാഠഭാഗം കേരളത്തിൽ പഠിപ്പിക്കും
Mail This Article
തിരുവനന്തപുരം∙ എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയ, അയോധ്യയിലെ ബാബറി മസ്ജിദുമായി ബന്ധപ്പെട്ട ഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി. ഇതു സപ്ലിമെന്ററി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണോ ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി തയാറാക്കുന്ന പുതിയ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണോ എന്ന് കരിക്കുലം കമ്മിറ്റി തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
-
Also Read
ഗ്യാപ് റോഡിൽ വീണ്ടും കാറിൽ അഭ്യാസപ്രകടനം
ഒന്നര പതിറ്റാണ്ടിനു ശേഷം സംസ്ഥാനത്ത് ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണ നടപടികൾ അടുത്ത മാസം ആരംഭിക്കും. ഇതിനായി ജൂലൈ ആദ്യവാരം ശിൽപശാല സംഘടിപ്പിക്കും. രാഷ്ട്രീയ താൽപര്യത്തോടെ ചരിത്ര പാഠഭാഗങ്ങൾ ഒഴിവാക്കുന്നതും വളച്ചൊടിക്കുന്നതും അംഗീകരിക്കില്ലെന്നും ചരിത്ര വസ്തുതകൾ കുട്ടികളെ പഠിപ്പിക്കണമെന്ന നിലപാട് തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ ഹയർ സെക്കൻഡറിയിൽ ശാസ്ത്ര, സാമൂഹിക ശാസ്ത്ര വിഷയങ്ങളിലാണ് എൻസിഇആർടി പാഠപുസ്തകങ്ങൾ പഠിപ്പിക്കുന്നത്. കഴിഞ്ഞ വർഷം സാമൂഹിക ശാസ്ത്ര പാഠപുസ്തകങ്ങളിൽ നിന്ന് ഗുജറാത്ത് കലാപവും മുഗൾ ചരിത്രവും അടക്കം എൻസിഇആർടി ഒഴിവാക്കിയപ്പോൾ കേരളത്തിൽ ഇത് ഉൾപ്പെടുത്തി സപ്ലിമെന്ററി പാഠപുസ്തകങ്ങൾ ഇറക്കിയിരുന്നു. ആ ഭാഗങ്ങൾ പരീക്ഷയിലും ഉൾപ്പെടുത്തിയിരുന്നു. ഈ വർഷം എൻസിഇആർടി നടത്തുന്ന ഒഴിവാക്കലുകളും ഇത്തരത്തിൽ സപ്ലിമെന്ററി പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താനാണ് ആലോചന.
ഹയർ സെക്കൻഡറിയിൽ ഭാഷാവിഷയങ്ങളിലടക്കമുള്ള പുസ്തകങ്ങൾ സംസ്ഥാന ഏജൻസിയായ എസ്‌സിഇആർടി തയാറാക്കിയതാണ്. പാഠ്യപദ്ധതി പരിഷ്കരിക്കുന്നതോടെ അടുത്ത വർഷം പുതിയ പുസ്തകങ്ങളാകും. എൻസിഇആർടിയുടെ പുതിയ പാഠപുസ്തകങ്ങളും അടുത്ത വർഷം നിലവിൽ വരും. രാഷ്ട്രീയ താൽപര്യത്തോടെയുള്ള ഒഴിവാക്കലുകളും കൂട്ടിച്ചേർക്കലുകളും നടക്കുന്ന ചരിത്രം, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നീ വിഷയങ്ങളിലെ പുസ്തകങ്ങൾ കൂടി കേരളത്തിൽ തയാറാക്കുന്നത് സർക്കാർ പരിഗണിക്കുന്നുണ്ട്. എന്നാൽ ഇത് പെട്ടെന്നു ചെയ്യാനാകില്ലെന്നു വിദ്യാഭ്യാസ മന്ത്രിയും എസ്‌സിഇആർടിയും പറയുന്നു. ദേശീയതലത്തിലുള്ള മത്സരപരീക്ഷകൾ എൻസിഇആർടി സിലബസ് അടിസ്ഥാനമാക്കിയുള്ളതാണെന്നതും വെല്ലുവിളിയാണ്.