ഗ്യാപ് റോഡിൽ വീണ്ടും കാറിൽ അഭ്യാസപ്രകടനം
Mail This Article
മൂന്നാർ ∙ കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ഗ്യാപ് റോഡിൽ വീണ്ടും കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം. കഴിഞ്ഞ ദിവസം പുതുച്ചേരി റജിസ്ട്രേഷനിലുള്ള കാറിൽ യുവാക്കൾ അഭ്യാസപ്രകടനം നടത്തുന്നതിന്റെ വിഡിയോ പുറത്തു വന്നു. 3 യുവാക്കൾ മൂന്നാർ സിഗ്നൽ പോയിന്റ് മുതൽ ശരീരം പുറത്തേക്കിട്ടു യാത്ര ചെയ്യുകയായിരുന്നു. മോട്ടർ വാഹന വകുപ്പ് സംഭവത്തിൽ കേസെടുത്തു. അതിനിടെ, മുണ്ടക്കയത്തു ദേശീയപാതയിലൂടെ മദ്യലഹരിയിൽ അപകടകരമായി കാറോടിച്ച കുമളി സ്വദേശി ഞാലിയിൽ ഷിജിൻ ഷാജി (31) അറസ്റ്റിലായി. ഇന്നലെ വൈകിട്ട് മുണ്ടക്കയം കല്ലേപ്പാലം മുതലാണ് ഇയാൾ അപകടകരമായി വാഹനമോടിച്ചത്. 34–ാം മൈൽ കഴിഞ്ഞ് നിയന്ത്രണം തെറ്റിയ വാഹനം റോഡിൽ വട്ടം കറങ്ങിയാണു നിന്നത്. വീണ്ടും വാഹനമോടിച്ചു പോകവേ നിയന്ത്രണം തെറ്റി രണ്ടുതവണ റോഡിൽ വട്ടം കറങ്ങി. അവിടെനിന്നു വീണ്ടും 35–ാം മൈൽ ടൗണും പിന്നിട്ട് ഇയാൾ കടന്നുപോകുകയായിരുന്നു.
കോഴിക്കോട് സ്വദേശിക്കെതിരെ നടപടി
ഒരാഴ്ച മുൻപ് ഗ്യാപ് റോഡിലൂടെ അഭ്യാസപ്രകടനം നടത്തി യാത്ര ചെയ്ത സംഭവത്തിൽ കാർ ഡ്രൈവറുടെ ലൈസൻസ് 6 മാസത്തേക്ക് മോട്ടർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. യാത്രക്കാരും ഡ്രൈവറും ഒരാഴ്ച സാമൂഹിക സേവനം നടത്താനും നിർദേശം. വാഹനമോടിച്ചിരുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അൻവർ ഹുസൈന്റെ ലൈസൻസാണു സസ്പെൻഡ് ചെയ്തത്.