ADVERTISEMENT

∙ തിരഞ്ഞെടുപ്പ് വിജയം മുസ്‍ലിം ലീഗിനെ മത്തുപിടിപ്പിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണം നിയമസഭയിൽ അവർ നിഷേധിച്ചു. പക്ഷേ, പൊന്നാനിയിലെയും മലപ്പുറത്തെയും കൂറ്റൻ ഭൂരിപക്ഷവും കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസിന്റെ മിന്നുന്ന പ്രകടനവും ഏറ്റവും ഉഷാറാക്കിയതു ലീഗിനെത്തന്നെ. സിപിഎമ്മിനെതിരെ ഇത്രയും നാൾ അൽപം അടക്കിവച്ചത് മുതലും പലിശയും തീർത്തു കൊടുക്കാനാണ് ലീഗ് എംഎൽഎമാരുടെ ശ്രമം. 

യു.എ.ലത്തീഫിന്റെയും നജീബ് കാന്തപുരത്തിന്റെയും ഊഴമായിരുന്നു ഇന്നലെ. ഷാഫി പറമ്പിലിനെ മുസ്‍ലിം നാമധാരിയായി അവതരിപ്പിച്ചതിനു ലീഗ് നോട്ടമിട്ട കാനത്തിൽ ജമീലയുടെ പേരെടുത്തുപറഞ്ഞ് ലത്തീഫ് തിരിഞ്ഞു. ലീഗിന്റെ തലയിൽ ജമീല വയ്ക്കാൻ ശ്രമിച്ച തൊപ്പി, കാഫിർ പരാമർശം അടങ്ങിയ സ്ക്രീൻ ഷോട്ടിന്റെ ഉടമയായ കെ.കെ.ലതികയ്ക്കാകും ഇണങ്ങുകയെന്ന കുത്ത് ഭരണപക്ഷ ബെഞ്ചുകളെ ചൊടിപ്പിച്ചു. രാജസ്ഥാനിലെ സീക്കറിൽ സിപിഎം ജയിച്ചതു കോൺഗ്രസിന്റെ ഔദാര്യംകൊണ്ടാണെന്നതു നിഷേധിക്കാനായി കണക്കുകളുമായെത്തിയ പി.ടി.എ.റഹീമിനെ നജീബ് കാന്തപുരം പരിഹസിച്ചു: ‘സിപിഎം വാടകയ്ക്കെടുത്ത എംഎൽഎ’! ഭരണപക്ഷ ബെഞ്ചുകൾ പ്രതിഷേധംകൊണ്ട് ഇളകി. നജീബ് പരാമർശം പിൻവലിക്കണമെന്നായി മന്ത്രി പി.രാജീവ്. എൻ.ഷംസുദ്ദീന്റെ ‘കുര’ പ്രയോഗത്തിൽ മുഖ്യമന്ത്രി മുൻപ് അധിക്ഷേപം കണ്ടെത്തിയതിന്റെ ബാക്കിയാണ് ‘പന്തീരാണ്ടുകാലം വാലു കുഴലിലിട്ടാലും നേരെയാകാത്തവരെപ്പോലെ’ എന്ന നജീബിന്റെ പ്രയോഗത്തിലെ ‘വാലിൽ’ മന്ത്രി ദർശിച്ചത്. 

യഥാർഥ ഒച്ചപ്പാട്, പതിവു പോലെ മാത്യു കുഴൽനാടന്റെ പ്രസംഗത്തിന്മേലായി. വീണാ വിജയനെതിരെ മാത്യു വീണ്ടും തിരിഞ്ഞതു തടയാൻ സ്പീക്കറും ഭരണപക്ഷവും ഒറ്റക്കെട്ടായി. മന്ത്രി രാജീവിനെ സംബന്ധിച്ച് മാത്യുവിന് മാധ്യമശ്രദ്ധ തരപ്പെടുത്താനുള്ള മനോരോഗമാണ്. 

വ്യവസായ–സാമൂഹികനീതി വകുപ്പുകളുടേതായിരുന്നു ധനാഭ്യർഥന ചർച്ച. ബോംബ് കുടിൽ വ്യവസായമാക്കിയ സർക്കാരെന്ന നേട്ടം തീർച്ചയായും അവകാശപ്പെടാമെന്നായി ചാണ്ടി ഉമ്മൻ. ഇലക്ടറൽ ബോണ്ടിനു കീഴ്പ്പെടാതെ വ്യവസായം തുടങ്ങാവുന്ന ഏക സർക്കാർ ഇതാണെന്ന് ആന്റണി ജോണിന്റെ മംഗളപത്രം പിന്നാലെ. ഭർത്താവും കുടുംബവുമായി സന്തോഷമായി ജീവിക്കുന്ന പഴയ കാമുകിമാരുടെ ജീവിതത്തിലേക്ക് എത്തിനോക്കി നെടുവീർപ്പിടുന്നവരും ജോസഫ് ഗ്രൂപ്പുകാരും ഒരുപോലെയാണെന്നു കണ്ടെത്തിയത് എൻ.ജയരാജായിരുന്നു. കോട്ടയത്തെ കേരള കോൺഗ്രസ്(എം) തോൽവിയുടെ പേരിൽ കഴിഞ്ഞ ദിവസം മോൻസ് ജോസഫ് നടത്തിയ ആക്രമണത്തിനായിരുന്നു പരിഹാസത്തിൽ പൊതിഞ്ഞ മറുപടി. അനിൽ അക്കരയുടെ താമസം കോൺഗ്രസിന്റെ ‘ഇക്കരെ’ ആണെങ്കിലും മാനസം മോദിയുടെ ‘അക്കരെ’ ആണെന്ന് മുരളി പെരുന്നെല്ലിക്ക് ഉറപ്പുണ്ട്. കോൺഗ്രസുകാരായ ടി.എൻ.പ്രതാപൻ, അനിൽ അക്കര, എം.പി.വിൻസന്റ്, ജോസ് വള്ളൂർ എന്നീ ഡ്യൂപ് നടന്മാരുടെ സഹായത്തോടെയാണത്രെ സുരേഷ് ഗോപി തൃശൂർ ‘അങ്ങെടുത്തത്’. 

മുഖ്യമന്ത്രി പിണറായി വിജയനോ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനോ മന്ത്രിസഭയിലെ മാറ്റം പ്രഖ്യാപിക്കും മുൻപു നിയമസഭയിൽ അതു ചെയ്യാനുള്ള കെൽപ് എൽദോസ് കുന്നപ്പിള്ളിക്കേ ഉള്ളൂ. പുതിയ മന്ത്രി കേളുവിന് ആശംസയും പുതിയ വകുപ്പുകൾ അടിക്കടി ലഭിക്കുന്ന വി.എൻ.വാസവന്റെ സൗഭാഗ്യത്തിൽ അൽപം കെറുവും എൽദോസ് രേഖപ്പെടുത്തി. ധനാഭ്യർഥനയെ പിന്തുണയ്ക്കേണ്ട സേവ്യർ ചിറ്റിലപ്പിള്ളി മാറി പിന്തുണച്ചത് സഭയിൽ ആരും അവതരിപ്പിക്കാത്ത ‘ബില്ലിനെ’! 

തിരഞ്ഞെടുപ്പു വിശകലനത്തിനായി സിപിഎം, കോൺഗ്രസ് നേതൃയോഗങ്ങൾ നടക്കുന്ന ദിവസമായതുകൊണ്ടു തന്നെ സഭയിൽ ഹാജർനില കുറവായി. തോൽവിക്കു കാരണമായി സിപിഎം കരുതുന്ന ക്ഷേമ പെൻഷൻ വിതരണത്തിലെ അലംഭാവം അതേ സമയത്തു തന്നെ പി.സി.വിഷ്ണുനാഥ് അടിയന്തര പ്രമേയ നോട്ടിസായി കൊണ്ടുവന്നപ്പോൾ മന്ത്രി കെ.എൻ.ബാലഗോപാൽ വൈകാരികമായി അതിനെ നേരിട്ടു.

ഇന്നത്തെ വാചകം

കേരള കോൺഗ്രസ് എമ്മിന്റെ പ്രസക്തി ജ്യോതിഷം നോക്കി പ്രവചിക്കാനൊന്നും ജോസഫ് ഗ്രൂപ്പ് വളർന്നിട്ടില്ല: എൻ.ജയരാജ്, ചീഫ് വിപ് 

English Summary:

Kerala Assembly Naduthalam column

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com