ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണ അനാഥാലയങ്ങളിൽ നിന്നു മാസപ്പടി വാങ്ങിയെന്ന ആരോപണവുമായി മാത്യു കുഴൽനാടന്റെ വെളിപ്പെടുത്തലിനെത്തുടർന്നു നിയമസഭയിൽ ബഹളം. മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന കൊള്ളയെ ന്യായീകരിക്കുന്നതു സിപിഎം അവസാനിപ്പിച്ചില്ലെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി തുടരുമെന്നു പറഞ്ഞുകൊണ്ടാണു കുഴൽനാടൻ പ്രസംഗം ആരംഭിച്ചത്. മാസപ്പടി വിഷയത്തിൽ താൻ ഉറച്ചുനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞതോടെ സ്പീക്കർ എ.എൻ.ഷംസീറിന്റെ ഇടപെടൽ ആരംഭിച്ചു. സ്ഥിരം പല്ലവി ആവർത്തിക്കുന്നോയെന്നു ചോദിച്ച ഷംസീർ, സമൂഹമാധ്യമങ്ങളെയും ചാനലുകളെയും സെറ്റ് ചെയ്തുവച്ചിട്ട് ഇവിടെ വന്നു പ്രസംഗിക്കരുതെന്ന് ഓർമിപ്പിച്ചു.

അതു മുഖവിലയ്ക്കെടുക്കാതെ കുഴൽനാടൻ പ്രസംഗം തുടർന്നു. കരിമണൽ കമ്പനിയിൽ നിന്നു പണം വാങ്ങിയ പി.വി താൻ അല്ലെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. അത് ഇന്നും ഏറ്റുപാടുന്ന സഖാക്കളുണ്ട്. മാസപ്പടി കേസിൽ മുഖ്യമന്ത്രിക്ക് ഹൈക്കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. പി.വി എന്ന പേരു കണക്കിലെടുത്താണ് നോട്ടിസ്. ആ പി.വി താൻ അല്ലെന്നു കോടതിയിൽ പറയാൻ പിണറായിക്ക് ആർജവമുണ്ടോ? പിണറായി വിജയനല്ല പി.വി എന്നു തെളിയിച്ചാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കാമെന്ന നിലപാടിൽ മാറ്റമില്ല.

കോടതിയുടെ പരിഗണനയിലുള്ള വിഷയം ഇവിടെ സംസാരിക്കരുതെന്നു ഷംസീർ ഓർമിപ്പിച്ചു. കോടതിക്കു വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നായി കുഴൽനാടൻ. തുടർന്നാണ് റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ നോട്ടിസ് അദ്ദേഹം ഉയർത്തിക്കാണിച്ചത്. അതു വായിച്ചതോടെ സ്പീക്കർക്കൊപ്പം ഭരണപക്ഷാംഗങ്ങളും അദ്ദേഹത്തിനെതിരെ തിരിഞ്ഞു.

ഏതാണ്ട് എല്ലാ മാസങ്ങളിലും അനാഥാലയങ്ങളിൽ നിന്നു വീണയുടെ കമ്പനിയായ എക്സാലോജിക് മാസപ്പടി വാങ്ങുന്നുണ്ടെന്ന നോട്ടിസിലെ ഭാഗം വായിച്ചതോടെ പ്രതിഷേധം കനത്തു. അതു വകവയ്ക്കാതെ കുഴൽനാടൻ നോട്ടിസിലുള്ളതെല്ലാം വായിച്ചുതീർത്തു. ഇതു നിഷേധിക്കാൻ പിണറായിക്കോ മക‍ൾക്കോ സാധിക്കുമോയെന്നു വെല്ലുവിളിച്ചു. നമ്മളെല്ലാം അനാഥാലയങ്ങൾക്ക് അങ്ങോട്ടു പണം കൊടുക്കുമ്പോഴാണു വീണ ഇങ്ങോട്ടു പണം വാങ്ങുന്നതെന്നും കുഴൽനാടൻ കുറ്റപ്പെടുത്തി.

കോടതിയുടെ മുന്നിലുള്ള വിഷയമാണെന്നു ഷംസീർ പറഞ്ഞപ്പോൾ ഇതു നോട്ടിസിൽ പറയുന്ന വസ്തുതയാണെന്നായിരുന്നു കുഴൽനാടന്റെ മറുപടി. ഭരണപക്ഷത്തുനിന്ന് ആർക്കും എന്തും പറയാവുന്ന സ്ഥിതിയാണെന്നും പ്രതിപക്ഷത്തിനു രേഖകൾ പോലും വായിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും പ്രതിപക്ഷാംഗം സി.ആർ.മഹേഷ് കുറ്റപ്പെടുത്തി. ഇതിനിടെ സ്പീക്കർ മൈക്ക് ഓഫ് ചെയ്തു. തുടർന്നു ചർച്ചയ്ക്കു മറുപടി പറയാൻ മന്ത്രി പി.രാജീവിനെ ക്ഷണിച്ചു.

English Summary:

Mathew Kuzhalnadan alleged Veena vijayan buy Masapadi from orphanages

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com