‘ആ ബോംബ് പൊട്ടിയത് പാർട്ടി ഓഫിസിനടുത്ത്’: ബോംബ് രാഷ്ട്രീയത്തിനെതിരെ സീന
Mail This Article
കണ്ണൂർ ∙ ബോംബ് രാഷ്ട്രീയത്തിനെതിരെ പരസ്യമായി പ്രതികരിച്ച തലശ്ശേരി എരഞ്ഞോളി സ്വദേശി എം.സീന മനോരമയോടു സംസാരിക്കുന്നു.
Q ധീരമായ പ്രതികരണം. കാരണമെന്ത് ?
A ഷാഫി പറമ്പിലിനെ കാണാൻ കാത്തുനിന്നപ്പോഴൊന്നും സംസാരിക്കണമെന്നു കരുതിയിരുന്നില്ല. പക്ഷേ, അദ്ദേഹം അടുത്തേക്കുവന്നപ്പോൾ സംസാരിക്കണമെന്നു തോന്നി. ശരിക്കും സങ്കടംകൊണ്ടാണു സംസാരിച്ചത്. എന്റെയും വീട്ടുകാരുടെയും ജീവൻ പണയപ്പെടുത്തിയാണു സംസാരിച്ചത്. ആർമി ഓഫിസറുടെ മകളാണു ഞാൻ. രാജ്യത്തോടും നാട്ടുകാരോടും നമുക്കൊരു പ്രതിബദ്ധതയില്ലേ ?
Q സിപിഎം തന്നെയാണു നിങ്ങളുടെ പ്രദേശത്തെ ബോംബ് രാഷ്ട്രീയത്തിനു പിന്നിലെന്നു കരുതുന്നുണ്ടോ?
A അവരുടെ പ്രബലകേന്ദ്രമാണ് ഞങ്ങളുടെ പ്രദേശം. ഞങ്ങളുടെ വീടിന് എതിർവശത്താണ് അവരുടെ പാർട്ടി ഓഫിസ്. ബോംബ് പൊട്ടിയ പറമ്പും ഓഫിസിന് അടുത്തുതന്നെ. അപ്പോൾ പിന്നെ ബോംബ് നിർമിക്കുന്നത് ആരാണ് ?
Q ബോംബ് നിർമാണ ഹബ്ബുകളാണ് ചുറ്റുമെന്നു പറഞ്ഞതിനെക്കുറിച്ച് ?
A സത്യമാണ്. ബോംബ് നിർമാണ ഹബ്ബുകളല്ലെങ്കിൽ ബോംബ് പൊട്ടുമോ ? ഞങ്ങൾ ആർമി ക്വാർട്ടേഴ്സിൽ ആയിരുന്നപ്പോൾ എരഞ്ഞോളിയിലെ വീട് വാടകയ്ക്കു നൽകിയിരുന്നു. 25 വർഷം മുൻപാണത്. അന്ന് ആ വീട് ഒഴിഞ്ഞുപോയവർ പറഞ്ഞത് ഇവിടെയെല്ലാം ബോംബാണെന്നാണ്. ഇപ്പോഴും മാറ്റമില്ല.
Q പ്രതികരണത്തിനുശേഷം എന്തെങ്കിലും ഭീഷണിയോ സമ്മർദമോ നേരിട്ടോ ?
A ഇതുവരെയില്ല. രണ്ടാഴ്ച കഴിയുമ്പോൾ വന്നുതുടങ്ങിയേക്കാം. ഞാൻ ടിപ്പറിന്റെ അടിയിലേക്കു പോയെന്നും ബോംബ് പൊട്ടി കൊല്ലപ്പെട്ടെന്നുമെല്ലാം വാർത്ത വരുമായിരിക്കും. എങ്കിലും പ്രതികരിക്കണ്ടേ?
Q വീട്ടുകാരുടെയും നാട്ടുകാരുടെയും പിന്തുണയുണ്ടോ? അവരും തുറന്നു സംസാരിക്കാൻ തയാറാണോ ?
A അല്ല. എംപിയോടു സംസാരിക്കുമ്പോൾ പോലും അമ്മ എന്നെ വിലക്കുന്നുണ്ടായിരുന്നു. അവരാരും സംസാരിക്കില്ല. അവർക്കെല്ലാം മരണഭയമുണ്ട്.