ബസുകൾ തമിഴ്നാട്ടിലെ നികുതി കൂടി അടയ്ക്കണം; തമിഴ്നാട് ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ തടയാൻ കേരളത്തിലെ ബസ് ഉടമകൾ
Mail This Article
തിരുവനന്തപുരം∙ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള ബസുകൾ തമിഴ്നാട്ടിലെ നികുതി കൂടി അടയ്ക്കണമെന്ന നിലപാടിനെതിരെ ബസുടമകൾ സുപ്രീം കോടതിയെ സമീപിക്കും. കേരളത്തിൽ നിന്നുള്ള ബസുകൾ തടഞ്ഞു യാത്രക്കാരെ ഇറക്കി വിടുന്നതിൽ പ്രതിഷേധിച്ചു കേരളത്തിലെ ബസുടമകളും തൊഴിലാളികളും തമിഴ്നാട‌് റജിസ്ട്രേഷനുള്ള ടൂറിസ്റ്റ് ബസുകൾ കേരളത്തിനുള്ളിൽ നാളെ മുതൽ തടയുമെന്നു ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ (കേരള) ഭാരവാഹികൾ അറിയിച്ചു.
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് (എഐടിപി) ബസുകൾക്ക് തമിഴ്നാട്ടിൽ നികുതി അടയ്ക്കണമെന്ന ആവശ്യം നിയമ വിരുദ്ധമാണെന്നു സംഘടനാ പ്രസിഡന്റ് എ.ജെ.റിജാസ് പറഞ്ഞു. ഇന്നു മുതൽ കേരളത്തിലേക്കു സർവീസ് നടത്തരുതെന്ന് തമിഴ്നാട്ടിലെ ബസ് ഉടമകളോട് സംഘടന അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാടിന്റെ പുതിയ നിലപാട് മൂലം സംസ്ഥാനാന്തര ബസ് സർവീസുകൾ പ്രതിസന്ധിയിലാണ്. കേരളത്തിൽ നിന്നുള്ള ചെന്നൈ, മധുര, വേളാങ്കണ്ണി സർവീസുകൾ മിക്കതും ഇന്നലെ റദ്ദാക്കി. തമിഴ്നാട് റജിസ്ട‌്രേഷനുള്ള ബസുകൾ മാത്രമാണു സർവീസ് നടത്തിയത്.
കേരളത്തിൽ നിന്നുള്ള ബെംഗളൂരു, ഹൈദരാബാദ് സർവീസുകൾ മുത്തങ്ങ, മൈസൂരു വഴി തിരിച്ചു വിട്ടു. ബുധനാഴ്ച വൈകിട്ടു തിരുവനന്തപുരത്തു നിന്നു പോയ ബെംഗളൂരു ബസുകൾ തമിഴ്നാട് മോട്ടർ വാഹന വകുപ്പ് നാഗർകോവിലിൽ പിടിച്ചിട്ടതു മൂലം യാത്രക്കാർ പെരുവഴിയിലായിരുന്നു. 10 മണിയോടെ 4 ബസുകളാണ് തടഞ്ഞത്. യാത്രക്കാരോട് തമിഴ്നാട് സർക്കാർ ബസുകളിൽ യാത്ര തുടരാനാണ് അധികൃതർ നിർദേശിച്ചത്. എന്നാൽ മിക്കവരും യാത്ര വേണ്ടെന്നു വച്ചു. പിടിച്ചെടുത്ത ബസുകൾ മടക്കി അയയ്ക്കാനും അധികൃതർ ആദ്യം തയാറായില്ല. ഏറെ വൈകിയാണ് ബസ് തിരികെ വിട്ടത്.