പട്ടയം കിട്ടാനുള്ള രേഖകൾക്ക് കൈക്കൂലി; തുവ്വൂർ വില്ലേജ് ഓഫിസർ പിടിയിൽ
Mail This Article
കരുവാരകുണ്ട് (മലപ്പുറം) ∙ പട്ടയം ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ ലഭിക്കാൻ വീട്ടമ്മയോട് കൈക്കൂലി വാങ്ങിയ തുവ്വൂർ വില്ലേജ് ഓഫിസർ കെ.സുനിൽരാജ് മലപ്പുറം വിജിലൻസ് സംഘത്തിന്റെ പിടിയിലായി. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് വിജിലൻസ് സംഘം വില്ലേജ് ഓഫിസിൽ ഇന്നലെ ഉച്ചയോടെ നടത്തിയ പരിശോധനയിൽ ഫയലിൽ തിരുകി വച്ച 20,000 രൂപ കണ്ടെടുത്തു.
നീലാഞ്ചേരി തെച്ചിയോടൻ ജമീലയിൽ നിന്നാണ് രേഖകൾ ശരിയാക്കി നൽകാൻ പണം വാങ്ങിയത്. പട്ടയം ലഭിക്കുന്നതിന് വില്ലേജിൽനിന്ന് ലഭിക്കേണ്ട രേഖകൾക്കാണ് ജമീല പല തവണ ഓഫിസ് കയറിയിറങ്ങിയത്. 52,000 രൂപ തന്നാൽ പട്ടയം ലഭിക്കുന്നതിനുള്ള രേഖകൾ ലാൻഡ് ട്രൈബൂണലിൽ നൽകാൻ തയാറാക്കിക്കൊടുക്കാമെന്നാണ് വില്ലേജ് ഓഫിസർ ആദ്യം അറിയിച്ചതെന്ന് ജമീല പറഞ്ഞു. വാർഡ് അംഗം ഉൾപ്പെടെയുള്ള പൊതുപ്രവർത്തകർ ജമീലയെ സഹായിക്കാൻ പറഞ്ഞെങ്കിലും നടന്നില്ല.
പിന്നീട് 32,000 രൂപ ആവശ്യപ്പെട്ടു. അതിനും കഴിയാത്തതിനാൽ 20,000 രൂപ കടം വാങ്ങി വില്ലേജ് ഓഫിസർക്ക് നൽകുകയായിരുന്നു. വാങ്ങിയ പണം ഓഫിസിലെ ഡെസ്ക്കിൽ വയ്ക്കാൻ സ്ത്രീയോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ഫയലിനുള്ളിൽ തിരുകിവച്ച സമയത്ത് പുറത്തുനിന്നിരുന്ന വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും.