ADVERTISEMENT

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പ് ഫല അവലോകനത്തിനായി ചേർന്ന സിപിഎം നേതൃ യോഗങ്ങളിൽ തനിക്കും സർക്കാരിനും എതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ശൈലിക്കും നടപടികൾക്കും ആഭ്യന്തര വകുപ്പിനുമെതിരെ വിമർശനങ്ങൾ ഉയർന്നെങ്കിലും മറുപടിയിൽ മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനോ ഇക്കാര്യങ്ങൾ പരാമർശിച്ചില്ല.

മൈക്ക് വിവാദങ്ങൾ പോലും  പരാമർശിച്ച് സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ ചിലർ വിമർശിച്ചതായാണ് വിവരം. വിദേശയാത്രകൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് വിമർശനമുയർന്നു. പൊലീസ് നടപടികൾ ജനങ്ങളെ എതിരാക്കുന്നതാണ്. ഗുണ്ടാ ആക്രമണങ്ങൾ നേരിടുന്നതിൽ പൊലീസ് പരാജയപ്പെട്ടു. പൊലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയല്ല, മറ്റാളുകളാണ്. തൃശൂർ പൂരം അലങ്കോലമാക്കിയ പൊലീസ് ഇടപെടൽ സുരേഷ് ഗോപിക്ക് തുണയായി’– അങ്ങനെ നീണ്ടു ആഭ്യന്തര വകുപ്പിനെതിരായ വിമർശനങ്ങൾ.  

എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെയും വിമർശനം ഉയർന്നു. ദല്ലാൾ നന്ദകുമാറിനെപ്പോലുള്ളവരുമായുള്ള ബന്ധം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. സ്പീക്കർ എ.എൻ.ഷംസീറിന്റെ ‘ഗണപതി മിത്ത്’ പരാമർശം ഹിന്ദു സമുദായങ്ങൾക്കിടയിൽ പാർട്ടിക്കെതിരായ നിലപാടിനു കാരണമായെന്ന അഭിപ്രായവും ഉയർന്നു. 

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും കെഎസ്ആർടിസി ബസ് ഡ്രൈവറുമായുണ്ടായ പ്രശ്നങ്ങൾ പാർട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്ന വിമർശനവും ഉയർന്നു. ഇതിനെ പാർട്ടി പിന്തുണയ്ക്കാൻ പാടില്ലായിരുന്നുവെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. 3 ദിവസം നീണ്ട സംസ്ഥാന കമ്മിറ്റിയിലെ ചർച്ചകളുടെ കൂടി അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് അടുത്ത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കും.

English Summary:

Chief Minister Pinarayi Vijayan did not respond to criticism regarding Loksabha election 2024 defeat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com