പുസ്തകത്തിലെ വെളിപ്പെടുത്തൽ: കേസെടുക്കാനുള്ള ഉത്തരവിനെതിരെ സിബി മാത്യൂസ് അപ്പീൽ നൽകി
Mail This Article
കൊച്ചി∙ സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയെ തിരിച്ചറിയാൻ കഴിയുന്ന വെളിപ്പെടുത്തൽ പുസ്തകത്തിൽ ഉൾപ്പെടുത്തിയതിനു കേസെടുക്കാൻ നിർദേശിച്ച സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരെ മുൻ ഡിജിപി സിബി മാത്യൂസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി. ജി. അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് സർക്കാരിന്റെ വിശദീകരണം തേടി. ഈ വിഷയത്തിലുള്ള പരാതിയിൽ തുടരന്വേഷണം ആവശ്യമില്ലെന്ന പൊലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട് സിംഗിൾ ബെഞ്ച് റദ്ദാക്കിയതു ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിട്ടുണ്ട്.
സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്ന് എഫ്ഐആർ റജിസ്റ്റർ ചെയ്തതായി സർക്കാർ അറിയിച്ചു. ഇതിനെതിരെ നിയമപരമായ നടപടിയെടുക്കാൻ ഹർജിക്കാരനു സ്വാതന്ത്ര്യമുണ്ടാകുമെന്നു കോടതി വ്യക്തമാക്കി.
സിബി മാത്യൂസ് രചിച്ച ‘നിർഭയം’ എന്ന പുസ്തകത്തിൽ അതിജീവിതയുടെ രക്ഷിതാക്കളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയതിന് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു തിരുവനന്തപുരം സ്വദേശി കെ.കെ.ജോഷ്വ നൽകിയ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ല എന്നായിരുന്നു ആക്ഷേപം.