കോടതി നടപടികളിൽ സർക്കാരിന് അലംഭാവമെന്ന് ഹൈക്കോടതി, അനാദരത്തോടെയുള്ള സമീപനമെന്ന് വിമർശനം
Mail This Article
കൊച്ചി ∙ സർക്കാർ ലാഘവത്തോടെയും അലംഭാവത്തോടെയും കോടതി നടപടികളെ സമീപിക്കുന്നതിനെ ശക്തമായി അപലപിക്കുകയാണെന്നു ഹൈക്കോടതി. സർക്കാരിന്റെ ഇത്തരത്തിലുള്ള സമീപനം സംസ്ഥാനത്തെ ഏറ്റവും ഉന്നത കോടതിയോടുള്ള അനാദരമാണെന്നും ജസ്റ്റിസ് ദിനേശ് കുമാർ സിങ് പറഞ്ഞു. എറണാകുളം–മൂവാറ്റുപുഴ റൂട്ട് ദേശസാൽക്കരിച്ച സർക്കാരിന്റെ വിജ്ഞാപനം ചോദ്യം ചെയ്തു 2018ൽ നൽകിയ ഹർജിയിൽ 19ന് നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി ഒഴിവു തേടിയതാണു ഹൈക്കോടതിയുടെ വിമർശനത്തിനു കാരണമായത്.
കോടതി നടപടികളോടും കോടതിയോടും അങ്ങേയറ്റം അനാദരത്തോടെയും ലാഘവത്തോടെയുമുള്ള സർക്കാരിന്റെ മനോഭാവം കണ്ടാണ് പ്രിൻസിപ്പൽ സെക്രട്ടറിയോടു നേരിട്ട് ഹാജരാകാൻ 11ന് നിർദേശം നൽകിയതെന്നു കോടതി ചൂണ്ടിക്കാട്ടി. പ്രിൻസിപ്പൽ സെക്രട്ടറിക്ക് അസൗകര്യമുണ്ടെങ്കിൽ ഗതാഗത വകുപ്പിന്റെ ചുമതലയുള്ള ആരെങ്കിലും ഹാജരാകേണ്ടതായിരുന്നു. എന്നാൽ ഹർജി മാറ്റിവയ്ക്കണമെന്നും എതിർസത്യവാങ്മൂലം നൽകാൻ സമയം വേണമെന്നുമാണ് ഗതാഗത വകുപ്പിന്റെ സ്പെഷൽ ഗവൺമെന്റ് പ്ലീഡർ ആവശ്യപ്പെട്ടത്.
ഓരോ കാരണങ്ങൾ പറഞ്ഞു എതിർസത്യവാങ്മൂലം നൽകുന്നതു നീട്ടുന്നതുമൂലം കേസുകൾ കെട്ടിക്കിടക്കുകയാണ്. ഹർജി നാലിന് പരിഗണിക്കുന്നതിനു മുൻപ് എതിർസത്യവാങ്മൂലം നൽകിയില്ലെങ്കിൽ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്ന് 50,000 രൂപ ഈടാക്കുമെന്നും കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.
ഇതുവരെ ഹർജിയിൽ സർക്കാർ എതിർസത്യവാങ്മൂലം നൽകുകയോ പ്രതികരിക്കുകയോ ചെയ്തില്ലെന്നു 11ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.വാസുകി ഹാജരാകാൻ നിർദേശം നൽകിയത്. എന്നാൽ മസൂറിയിൽ പരിശീലനത്തിനു പോകേണ്ടതിനാൽ ഹാജരാകുന്നതിൽനിന്ന് ഇളവ് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ സെക്രട്ടറി ഉപഹർജി നൽകുകയായിരുന്നു.