ADVERTISEMENT

തിരുവനന്തപുരം∙ ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ സിപിഎം എന്തുകൊണ്ട് തോറ്റു? അഞ്ചു ദിവസത്തെ പാർട്ടി നേതൃയോഗത്തിനു ശേഷം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നിരത്തിയ കാരണങ്ങളിൽ ചിലത്:

∙ ഇന്ത്യാമുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ കേരളത്തിൽ ഭിന്നിച്ചു മത്സരിച്ചത് പരിമിതിയായി. കേന്ദ്രത്തിൽ സാധ്യത കോൺഗ്രസിനായതിനാൽ ന്യൂനപക്ഷ വിഭാഗങ്ങളടക്കം അവർക്ക് വോട്ട് ചെയ്തു.

∙ ജമാ അത്തെ ഇസ്‌ലാമി, പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ എന്നീ മുസ്‌ലിം തീവ്രസംഘടനകൾ യുഡിഎഫിന് അനുകൂലമായി വർഗീയ ധ്രൂവീകരണം നടത്തി.

∙ ഇടതുപാർട്ടികളുടെ കരുത്തായിരുന്ന ഈഴവ– പിന്നാക്ക വോട്ടുകളിൽ ചോർച്ചയുണ്ടായി. എസ്എൻഡിപി നേതൃത്വം സംഘപരിവാർ വർഗീയ രാഷ്ട്രീയത്തിലേക്കു നീങ്ങുന്ന സാഹചര്യമുണ്ടായി. തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസിലൂടെ സംഘപരിവാർ എസ്എൻഡിപിയിലേക്കു കടന്നുകയറി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യയും മകനും ആർഎസ്എസ്‌വൽക്കരണത്തിന് നടത്തിയ ശ്രമങ്ങൾ പുറത്തുവന്നിട്ടുണ്ട്. ശ്രീനാരായണഗുരുവിന്റെ കാഴ്ചപ്പാടുകളിൽ നിന്നു വ്യത്യസ്തമാണ് എസ്എൻഡിപി നേതൃനിരയിലുള്ളവരുടെ സമീപനം.

∙ ക്രിസ്ത്യാനികളിൽ ഒരു വിഭാഗം ബിജിപിക്ക് അനുകൂലമായി. ഭീഷണി, ഫണ്ടിങ് പ്രശ്നം അങ്ങനെ കാരണങ്ങൾ പലതാണ്. ചില സ്ഥലങ്ങളിൽ ബിഷപ്പുമാർ ഉൾപ്പെടെ അവരുടെ പരിപാടികളിൽ പങ്കെടുത്തു. തൃശൂരിൽ കോൺഗ്രസിന് കഴിഞ്ഞ തവണത്തെക്കാൾ നഷ്ടമായ 86000 വോട്ടുകളിൽ ഒരു ഭാഗം ക്രിസ്ത്യൻ വോട്ടുകളാണ്.

∙ സാമ്പത്തിക പ്രതിസന്ധിക്കു കാരണം കേന്ദ്രമാണെന്നു പറയാമെങ്കിലും അതുമൂലമുണ്ടായ പ്രശ്നങ്ങളുടെ പ്രതിഫലനം എൽഡിഎഫിന് എതിരായി. ജനങ്ങൾക്ക് ആനുകൂല്യങ്ങൾ കൃത്യമായി നൽകാനായില്ല. ക്ഷേമ പെൻഷനും ജീവനക്കാരുടെ ഡിഎ മുടങ്ങിയതുമെല്ലാം ആ വിഭാഗങ്ങളെ എതിരാക്കി.

∙ മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും ഒറ്റതിരിഞ്ഞ് ആക്രമിച്ച് പ്രതിഛായ തകർക്കാനുള്ള ശ്രമം പ്രതിപക്ഷവും മാധ്യമങ്ങളും നിരന്തരം നടത്തിയത് ജനങ്ങളെ സ്വാധീനിച്ചു.

English Summary:

MV Govindan points out why LDF lost in Loksabha election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com