ഒ.ആർ.കേളു മന്ത്രി, വകുപ്പ് മെലിഞ്ഞു; വാസവന് വീണ്ടും നേട്ടം
Mail This Article
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ ജയിച്ച കെ.രാധാകൃഷ്ണന്റെ ഒഴിവിൽ മാനന്തവാടി എംഎൽഎ ഒ.ആർ.കേളു (54) മന്ത്രിയാകും. എന്നാൽ, രാധാകൃഷ്ണൻ വഹിച്ചിരുന്ന ദേവസ്വം, പാർലമെന്ററി കാര്യം എന്നീ വകുപ്പുകൾ എടുത്തു മാറ്റി പട്ടിക ജാതി–പട്ടിക വർഗ വകുപ്പ് മാത്രം നൽകിയാണ് അദ്ദേഹത്തെ മന്ത്രിയാക്കുന്നത്. ദേവസ്വം വി.എൻ.വാസവനും പാർലമെന്ററി കാര്യം എം.ബി.രാജേഷിനും അധികമായി നൽകി. കേളുവിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നാലിന് രാജ്ഭവനിൽ നടക്കും.
വയനാട്ടിൽനിന്നു സിപിഎമ്മിന്റെ ആദ്യ മന്ത്രിയായ കേളു തുടർച്ചയായി രണ്ടാം തവണയാണ് മാനന്തവാടിയെ പ്രതിനിധീകരിക്കുന്നത്. 5 വർഷം തിരുനെല്ലി പഞ്ചായത്ത് അംഗവും 10 വർഷം പ്രസിഡന്റും ആയിരുന്നു. സംസ്ഥാനത്ത് പട്ടികവർഗത്തിൽ നിന്നുള്ള രണ്ടാമത്തെ മന്ത്രിയായ കേളു ആദ്യ മന്ത്രിയായ പി.കെ.ജയലക്ഷ്മിയെ (കോൺഗ്രസ്) തോൽപിച്ചാണ് 2016ൽ ആദ്യമായി സഭയിലെത്തിയത്.
സിപിഎം സംസ്ഥാന സമിതിയിലെ ഏക പട്ടികവർഗ വിഭാഗക്കാരനായ കേളു ആദിവാസി ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റുമാണ്. പട്ടികവിഭാഗത്തിലുള്ള 9 എംഎൽഎമാർ സിപിഎമ്മിനുണ്ടെങ്കിലും സീനിയറായ കേളുവിനെ മന്ത്രിയാക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. മറ്റു ചില എംഎൽഎമാർക്കു വേണ്ടിയും നീക്കങ്ങൾ നടന്നെങ്കിലും പട്ടികവർഗ വിഭാഗത്തിലെ ഏക എംഎൽഎയാണെന്നതും കേളുവിന് അനുകൂലമായി.
വാസവന് വീണ്ടും നേട്ടം
തിരുവനന്തപുരം ∙ മന്ത്രിസഭാ പുനഃസംഘടന വീണ്ടും നേട്ടമായത് സഹകരണ മന്ത്രി വി.എൻ.വാസവന്. ഡിസംബറിൽ അഹമ്മദ് ദേവർകോവിൽ രാജിവച്ചപ്പോൾ തുറമുഖ വകുപ്പ് വാസവന് നൽകിയിരുന്നു. ദേവർകോവിലിന് പകരം മന്ത്രിയായ രാമചന്ദ്രൻ കടന്നപ്പള്ളിക്ക് വാസവൻ വഹിച്ചിരുന്ന റജിസ്ട്രേഷൻ വകുപ്പാണ് നൽകിയത്.