ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ തുടർപ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന നിർണായക ചർച്ച ഇന്നു ഡൽഹിയിൽ. മൂന്നാം മോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ ബജറ്റാണ് വരുന്നത്. അതിനു മുന്നോടിയായി സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായുള്ള കേന്ദ്ര മന്ത്രി നിർമല സീതാരാമന്റെ കൂടിക്കാഴ്ച ഇന്നു നടക്കും. ജിഎസ്ടി കൗൺസിലും ഇന്നാണ്.

കേരളവുമായി നിരന്തരം തർക്കത്തിലേർപ്പെട്ടിരുന്ന കേന്ദ്രമന്ത്രിയുടെ നിലപാടിൽ മാറ്റമുണ്ടാകുമെന്നും കേരളത്തിന് അധിക സഹായം ലഭിക്കുമെന്നുമാണു സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ. അതിനാൽ, കിഫ്ബിയെയും പെൻഷൻ കമ്പനിയെയും കടമെടുപ്പു പരിധിയിൽ നിന്നു ഒഴിവാക്കിത്തരണമെന്ന ആവശ്യം മന്ത്രി കെ.എൻ.ബാലഗോപാൽ ഉന്നയിക്കും. കേന്ദ്രമന്ത്രിക്കു കേരളത്തിന്റെ ആവശ്യങ്ങൾ കത്തായി നൽകാനാണു സംസ്ഥാനത്തിന്റെ തീരുമാനം.

ക്ഷേമ പെൻഷൻ കുടിശികയടക്കം നൽകുക എന്നതാണു സംസ്ഥാന സർക്കാരിനു മുന്നിലെ ഇപ്പോഴത്തെ വലിയ വെല്ലുവിളി. പെൻഷൻ കമ്പനി വഴി പണം കടമെടുത്തു പെൻഷൻ നൽകുന്നതായിരുന്നു ഒന്നാം പിണറായി സർക്കാരിന്റെ രീതി. എന്നാൽ, രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനു പിന്നാലെ പെൻഷൻ കമ്പനി എടുക്കുന്ന വായ്പകൾ കൂടി സംസ്ഥാന സർക്കാരിന്റെ കടമെടുപ്പു പരിധിയിൽ കേന്ദ്രം ഉൾപ്പെടുത്തി. ഇതോടെയാണു പെൻഷൻ വിതരണം തടസ്സപ്പെട്ടത്.

5 മാസത്തെ പെൻഷൻ കുടിശിക വിതരണം ചെയ്യാൻ 4000 കോടി രൂപയാണു സർക്കാരിന് അടിയന്തരമായി വേണ്ടത്. അതിനാൽ, പെൻഷൻ കമ്പനിയെ കടമെടുപ്പു പരിധിയിൽ നിന്ന് ഒഴിവാക്കിത്തരണമെന്ന ആവശ്യമാണു കേരളം പ്രധാനമായി ഉന്നയിക്കുക.

ബിജെപിക്ക് ഘടകകക്ഷികളുടെ കൂടി പിന്തുണയോടെ ഭരിക്കേണ്ട പുതിയ സാഹചര്യത്തിൽ ഇനി സംസ്ഥാനങ്ങളോട് അനുഭാവപൂർണമായ സമീപനം കേന്ദ്ര സർക്കാർ സ്വീകരിക്കുമെന്നും കേരളം കരുതുന്നു. കിഫ്ബിയെയും പെൻഷൻ കമ്പനിയെയും കടമെടുപ്പു പരിധിയിൽ നിന്ന് ഒഴിവാക്കാനായില്ലെങ്കിൽ കടമെടുപ്പു പരിധിയിൽ ഒരു ശതമാനം വർധന വേണമെന്ന ആവശ്യവും കേരളത്തിനുണ്ട്.

അതേസമയം, പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാരിന്റെ മനസ്സിലുള്ള പ്ലാൻ ബി എന്താണെന്ന ചോദ്യം കേന്ദ്ര ധനമന്ത്രാലയം ഉയർത്തിയേക്കും. കേരളത്തിന് അധിക കടമെടുപ്പിന് അനുമതി നൽകണമെങ്കിൽ പാലിക്കേണ്ട വ്യവസ്ഥകളുടെ കൂട്ടത്തിൽ പ്ലാൻ ബി എന്തെന്നു വെളിപ്പെടുത്തണമെന്ന നിർദേശം നേരത്തേ കേന്ദ്രം മുന്നോട്ടു വച്ചിരുന്നു. എന്നാൽ, വ്യവസ്ഥ വച്ചുള്ള കടമെടുപ്പ് വാഗ്ദാനം കേരളം തള്ളുകയായിരുന്നു.

English Summary:

Union Budget and GST Talks: Will Kerala Secure Crucial Financial Relief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com