നിമിഷപ്രിയയുടെ മോചനം: ആക്‌ഷൻ കൗൺസിൽ 20,000 ഡോളർ കൈമാറി
Mail This Article
കൊച്ചി ∙ യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമനിലെ സനായിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടിയുള്ള നീക്കങ്ങളിൽ സുപ്രധാന നീക്കവുമായി സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്‌ഷൻ കൗൺസിൽ. നിമിഷയുടെ മോചനത്തിനായി യെമനിൽ ആദ്യ ഘട്ട ചർച്ചകൾ നടത്താൻ 40,000 യുഎസ് ഡോളർ ഇന്ത്യൻ എംബസിയുടെ അക്കൗണ്ട് വഴി കൈമാറാൻ വിദേശകാര്യവകുപ്പ് അനുമതി നൽകിയതിനു തൊട്ടുപിന്നാലെ ആക്‌ഷൻ കൗൺസിൽ ഇന്നലെ 20,000 ഡോളർ (ഏകദേശം 16.71 ലക്ഷം രൂപ) അക്കൗണ്ടിലേക്കു കൈമാറി. ഇതോടെ ആദ്യ ഘട്ട ചർച്ചകൾ ഉടൻ ആരംഭിക്കും.
ശേഷിക്കുന്ന 16.71 ലക്ഷം രൂപകൂടി ചർച്ചകൾക്കായി സമാഹരിക്കേണ്ടതുണ്ടെന്നു കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. ഇതിനുള്ള ശ്രമം ഊർജിതമാക്കി. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബവുമായും അവരുൾപ്പെടുന്ന ഗോത്രത്തിന്റെ നേതാക്കളുമായുമാണു യെമനിൽ എംബസി ഏർപ്പെടുത്തിയ അഭിഭാഷകൻ മുഖേന ചർച്ച തുടങ്ങേണ്ടത്. ഇവർ ആശ്വാസധനം (ബ്ലഡ് മണി) സ്വീകരിച്ചു മാപ്പു നൽകാൻ തയാറായാലേ മോചനം സാധ്യമാകൂ. മകളുടെ മോചനശ്രമങ്ങൾക്കായി നിമിഷയുടെ അമ്മ പ്രേമകുമാരി രണ്ടു മാസമായി യെമനിലെ സനായിൽ തങ്ങു കയാണ്.