ADVERTISEMENT

തൃശൂർ ∙ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽനിന്നു കൊണ്ടുവന്ന 2 ടൺ നെൽവിത്ത് മുളയ്ക്കാതെ നഷ്ടത്തിലായ വരന്തരപ്പിള്ളി കരയാംപാടം പാടശേഖരത്തിലെ കർഷകർക്ക് പുതിയ വിത്ത് എത്തിക്കാമെന്ന് കൃഷിഭവന്റെ ഉറപ്പ്. എടത്തിരുത്തി വിത്തുൽപാദന കേന്ദ്രത്തിൽനിന്നു കൊണ്ടുവന്ന വിത്ത് മുളയ്ക്കാതെ 70 ഏക്കറിൽ കൃഷി മുടങ്ങിയതിനെപ്പറ്റി ഇന്നലെ മലയാള മനോരമ ഒന്നാം പേജിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ‌

വിതച്ച് 20 ദിവസം കഴിഞ്ഞാലേ ഇൻഷുറൻസിന് അപേക്ഷിക്കാൻ പറ്റൂ എന്നതിനാൽ ഇൻഷുറൻസ് പരിരക്ഷയും കിട്ടാത്ത സ്ഥിതിയിലായിരുന്നു കർഷകർ. കഴിഞ്ഞ ദിവസം പാടശേഖരത്തിലെത്തി സ്ഥിതി ബോധ്യപ്പെട്ട ഉദ്യോഗസ്ഥർ, മനോരമ വാർത്ത ശ്രദ്ധയിൽപ്പെട്ടശേഷം പാടശേഖര സമിതി പ്രസിഡന്റ് ഡേവിസ് തുലാപ്പറമ്പിലിനെ വിളിച്ചാണ് പകരം വിത്ത് എത്തിക്കുമെന്ന് ഉറപ്പു നൽകിയത്. കൃഷി വൈകാതിരിക്കാൻ ഇന്നലെ ചില കർഷകർ വ്യക്തികളിൽനിന്നു പണം കൊടുത്ത് 250 കിലോഗ്രാം വിത്ത് വാങ്ങിയിട്ടുണ്ട്. 

വിത്തിറക്കുന്നതിനുമുൻപ് ട്രാക്ടർ കൊണ്ടുവന്ന് പൂട്ടാനും മറ്റുമായി ഏക്കറിന് 12,000 രൂപ നിരക്കിൽ കർഷകർ നേരത്തേ ചെലവാക്കിയിരുന്നു. ഈയിനത്തിൽ പാടശേഖരത്തിൽ ആകെ 8.40 ലക്ഷം രൂപയുടെ പണികൾ നടന്നിട്ടുണ്ട്. മുണ്ടകൻ കൊയ്ത്ത് കഴിഞ്ഞ് നെല്ല് വിറ്റതിന്റെ പണം 2 മാസമായിട്ടും ഇവർക്ക് ലഭിച്ചിട്ടില്ല. പുതുതായി വിത്തിറക്കുമ്പോൾ ഇതെല്ലാം വീണ്ടും ചെയ്യുന്നതിനുള്ള തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്ക കർഷകർക്കുണ്ട്. സ്വകാര്യ വ്യക്തികളിൽനിന്നു വിത്തു വാങ്ങിയവർക്ക് അതിന്റെ തുക നൽകാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്ന് കൃഷി ഡപ്യൂട്ടി ഡയറക്ടർ നിംബ ഫ്രാങ്കോ അറിയിച്ചു.

English Summary:

New Paddy Seeds Promised After Farmers Face Devastating Loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com