ADVERTISEMENT

കൊച്ചി ∙ ഒരു കോടി രൂപയുടെ കള്ളപ്പണം കടത്താൻ റിസർവ് ബാങ്ക് പിൻവലിച്ച 2000 രൂപയുടെ 20 നോട്ടുകൾ മതി. രണ്ടായിരത്തിന്റെ നോട്ടുകൾ അഞ്ചു ലക്ഷം രൂപയ്ക്കു തുല്യമായ ‘ടോക്കൺ മൂല്യമുള്ള’ നോട്ടുകളായി ഉപയോഗിച്ചു രാജ്യവ്യാപകമായി ഹവാല റാക്കറ്റ് നടത്തുന്ന അനധികൃത പണമിടപാടുകൾ കണ്ടെത്തിയതു കേന്ദ്ര ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ (സിഇഐബി). 2023 ഒക്ടോബറിൽ റിസർവ് ബാങ്ക് പൂർണമായി പിൻവലിച്ച 2000 രൂപയുടെ നോട്ടുകളാണ് കള്ളപ്പണ ഇടപാടുകൾക്ക് ഉപയോഗിക്കുന്നത്. 

ഇത്തരത്തിൽ 10 ലക്ഷം രൂപയുടെ കള്ളപ്പണം കടത്താൻ 2000 രൂപയുടെ രണ്ടു നോട്ടുകൾ മതിയാവും. ഫലത്തിൽ 30 നോട്ടുകൾ വരെ സൂക്ഷിക്കാൻ കഴിയുന്ന സാധാരണ പഴ്സിൽ പോലും ഒന്നരക്കോടി രൂപയുടെ മൂല്യമുള്ള കള്ളപ്പണം ടോക്കൺ നോട്ടുകളായി കൊണ്ടുപോകാം.

റോഡ് മാർഗം കടത്തുന്ന കള്ളപ്പണം കൊള്ളയടിക്കുന്ന സംഭവങ്ങൾ ആവർത്തിക്കാൻ തുടങ്ങിയതോടെയാണു കള്ളപ്പണം സുരക്ഷിതമാക്കാൻ സമാന്തര സാമ്പത്തിക വിനിമയ മാർഗം കള്ളപ്പണ ഇടപാടുകാർ കണ്ടെത്തിയത്. അനധികൃത കച്ചവടങ്ങളിൽ 2000 രൂപയുടെ ടോക്കൺ നോട്ടുകൾ ഇപ്പോൾ വിനിമയത്തിലുള്ള കറൻസി നോട്ടുകളായി മാറ്റാതെ തന്നെ ഇടപാടുകൾ പൂർത്തിയാക്കാറുണ്ട്.

പിൻവലിക്കപ്പെട്ട നോട്ടുകൾ ഉപയോഗിച്ചുള്ള ഇത്തരം സമാന്തര സമ്പദ് വ്യവസ്ഥ രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നാണു സിഇഐബി റിപ്പോർട്ട്. ഈ വർഷം ഫെബ്രുവരിയിൽ പുതുച്ചേരിയിലും മാർച്ചിൽ കാസർകോടും 2000 രൂപ നോട്ടുകൾ വൻതോതിൽ പിടികൂടിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണു കള്ളപ്പണ കൈമാറ്റത്തിനുള്ള ‘ടോക്കൺ’ സംവിധാനം വെളിപ്പെട്ടത്.

എന്താണ് ‘ടോക്കൺ’ നോട്ട് ഇടപാട് ?

ഒരു കോടി രൂപയുടെ കള്ളപ്പണം മംഗളൂരുവിൽ നിന്ന് കൊച്ചിയിൽ എത്തിക്കാൻ 500 രൂപയുടെ 20,000 നോട്ടുകളുമായി റോഡ് മാർഗം 420 കിലോമീറ്റർ സഞ്ചരിക്കണം. അതിനിടയിൽ പിടിക്കപ്പെടാനോ കൊള്ളയടിക്കപ്പെടാനോ സാധ്യതയേറെ. ഈ സാഹചര്യത്തിലാണ് പിൻവലിക്കപ്പെട്ട 2000 രൂപ ‘ടോക്കൺ’ നോട്ടായി ഉപയോഗിക്കുന്നത്. രണ്ടായിരത്തിന്റെ ഒരു നോട്ടിന് 5 ലക്ഷം രൂപയുടെ ടോക്കൺ മൂല്യം നിശ്ചയിക്കുമ്പോൾ ഒരു കോടി രൂപ കടത്താൻ 20 നോട്ടു മതി. മംഗളൂരൂവിലെ ഹവാലക്കാരൻ നൽകുന്ന ഈ 20 നോട്ടുകളുടെ സീരിയൽ നമ്പർ അപ്പോൾ തന്നെ കൊച്ചിയിലെ ഹവാലക്കാരനു കൈമാറും.

നോട്ടുകളുമായി വരുന്നയാൾക്ക് ഒരു ‘കോ‍ഡ് നമ്പറും’ നൽകിയിട്ടുണ്ടാവും. അതേ സീരിയൽ നമ്പറുള്ള 2000 രൂപയുടെ 20 നോട്ടുകളും കോഡ് നമ്പറും കൊച്ചിയിലെ ഹവാലക്കാരനു കൈമാറുമ്പോൾ ടോക്കൺ മൂല്യത്തിനു തുല്യമായ ഒരു കോടി രൂപ കൊച്ചിയിലെ ഹവാലക്കാരൻ നൽകും. കള്ളപ്പണ ഇടപാടുകാർക്കിടയിലെ പരസ്പര വിശ്വാസമാണ് ഇത്തരം കൈമാറ്റത്തിന്റെ അടിസ്ഥാനം.

English Summary:

2000 Notes Used in Smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com