ട്രഷറി അക്കൗണ്ട്: പണമെടുത്താൽ ഫോണിൽ സന്ദേശം, സംവിധാനം പ്രാബല്യത്തിൽ
Mail This Article
തിരുവനന്തപുരം ∙ ട്രഷറി അക്കൗണ്ടിൽ നിന്നു പണം പിൻവലിച്ചാൽ എസ്എംഎസിലൂടെ അക്കൗണ്ട് ഉടമയെ അറിയിക്കുന്ന സംവിധാനം പ്രാബല്യത്തിൽ വന്നു. ജീവനക്കാരുടെയും (ഇടിഎസ്ബി), പെൻഷൻകാരുടെയും (പിടിഎസ്ബി) അക്കൗണ്ടുകളിൽ നിന്നും സേവിങ്സ് അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിച്ചാലാണ് അറിയിപ്പ്. പിൻവലിച്ച തുകയും അക്കൗണ്ടിൽ ബാക്കിയുള്ള തുകയും സന്ദേശത്തിലുണ്ടാകും. നിക്ഷേപം അടക്കമുള്ള മറ്റ് ഇടപാടുകൾക്ക് അറിയിപ്പ് ലഭിക്കില്ല.
അക്കൗണ്ട് ആരംഭിച്ചപ്പോഴോ പിന്നീടോ നൽകിയ കെവൈസിയിൽ രേഖപ്പെടുത്തിയ മൊബൈൽ നമ്പറിലേക്കാണ് എസ്എംഎസ് എത്തുക. നമ്പർ മാറ്റണമെങ്കിൽ ട്രഷറി ശാഖയിലെത്തി അപേക്ഷ നൽകണം. കാലങ്ങളായി ഇടപാടു നടത്താത്ത 3 അക്കൗണ്ടുകളിൽ നിന്നു കഴക്കൂട്ടം സബ്ട്രഷറിയിലെ 5 ജീവനക്കാർ ചേർന്നു 18 ലക്ഷം രൂപ തട്ടിയെടുത്തതിനെ തുടർന്നാണ് നേരത്തേ തന്നെ സജ്ജമായിരുന്ന എസ്എംഎസ് അലർട്ട് സംവിധാനം ഇപ്പോൾ നടപ്പാക്കിയത്.