പേരിലും നിറത്തിലും പിടിച്ച് ഫണ്ട് നിഷേധം
Mail This Article
തിരുവനന്തപുരം∙ നാഷനൽ ഹെൽത്ത് മിഷന് (എൻഎച്ച്എം) നൽകാനുള്ള ഫണ്ട് കേന്ദ്രം തടഞ്ഞുവച്ചതോടെ സംസ്ഥാനത്തെ ആരോഗ്യമേഖല ഗുരുതര പ്രതിസന്ധിയിൽ. 2023–24ൽ ലഭിക്കേണ്ട 826 കോടി രൂപയിൽ 189.14 കോടി രൂപയേ ഇതുവരെ കേരളത്തിന് അനുവദിച്ചിട്ടുള്ളൂ. 2024–25ലേക്ക് 821.02 കോടി രൂപ നീക്കിവച്ചിട്ടുണ്ടെങ്കിലും ഇതുവരെ ചില്ലിക്കാശ് അനുവദിച്ചിട്ടില്ല. ആരോഗ്യകേന്ദ്രങ്ങളുടെ പേരും നിറവും മാറ്റുന്നതിലെ തർക്കമാണു ഫണ്ട് തടയുന്നതിനു കാരണമെന്നാണ് ആക്ഷേപം.
മിഷന്റെ പ്രവർത്തനങ്ങൾക്ക് കേരള സർക്കാരാണ് ഒരു വർഷമായി പണം നൽകുന്നത്. ഡോക്ടർമാർ മുതൽ ടെക്നിഷ്യന്മാർ വരെ മിഷനിലെ 15,000 ജീവനക്കാർക്കു ശമ്പളം നൽകാൻ മാസം 50 കോടി രൂപ വേണം. 26,000 ആശ വർക്കർമാർക്ക് ഇൻസെന്റീവ് ഇനത്തിൽ കേന്ദ്രം നൽകേണ്ട 10 കോടി രൂപ കേരളമാണു വഹിക്കുന്നത്. 108 ആംബുലൻസ്, പാലിയേറ്റീവ് കെയർ, ഡയാലിസിസ് എന്നിവയുടെ ചെലവും സംസ്ഥാനത്തിന്റെ തലയിലാണിപ്പോൾ. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ ഇപ്പോൾ നൽകുന്ന സഹായം ഏതു സമയവും നിലയ്ക്കാമെന്നു ധനവകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ മന്ത്രി വീണാ ജോർജ് ഫണ്ടിനുവേണ്ടി കേന്ദ്രമന്ത്രിക്ക് ഇന്നലെ വീണ്ടും കത്ത് അയച്ചു.
സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ജനകീയ ആരോഗ്യകേന്ദ്രങ്ങളും ഉൾപ്പെടെ 6600 സ്ഥാപനങ്ങളുടെ പേരു മാറ്റമാണു തർക്കവിഷയം. ഈ കേന്ദ്രങ്ങളെ ആയുഷ്മാൻ ഭാരത് – ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ എന്നു പുനർനാമകരണം ചെയ്യണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആദ്യ നിർദേശം. എത്‌നിക് ബ്രൗൺ നിറത്തിൽ പേര് എഴുതണം. നവംബർ 15ന് അകം തന്നെ കേരളം പേരു മാറ്റിയിരുന്നു. ഒരു കേന്ദ്രത്തിന്റെ ചെലവ് 15,000 രൂപ. നവംബർ 25 ആയപ്പോൾ കേന്ദ്രം പേരിൽ മാറ്റം വരുത്തി: ആയുഷ്മാൻ ആരോഗ്യമന്ദിർ. മന്ദിർ എന്ന വാക്ക് കേരളത്തിനു ചേർന്നതല്ലെന്നും ആയുഷ്മാൻ ആരോഗ്യകേന്ദ്രം എന്നു പരിഷ്കരിക്കാമെന്നും സംസ്ഥാനം അറിയിച്ചെങ്കിലും കേന്ദ്രം അംഗീകരിച്ചില്ല.
ഒപ്പം കേന്ദ്രം മറ്റൊരു കുറ്റം കൂടി കണ്ടെത്തി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നീല നിറത്തിനും ജനകീയാരോഗ്യ കേന്ദ്രങ്ങളിൽ പിങ്ക് നിറത്തിനും മുകളിലാണു പേര് എഴുതിയിരിക്കുന്നത്. തങ്ങളുടെ മാർഗരേഖയിൽ പറയുന്നതുപോലെ മെറ്റൽ യെലോ നിറത്തിനു പുറത്തുതന്നെ പേര് എഴുതണമെന്നു കേന്ദ്രം ശഠിച്ചു. രാഷ്ട്രീയമോ മതപരമോ ആയി ബന്ധമുള്ള നിറങ്ങളല്ല തങ്ങൾ ഉപയോഗിച്ചതെന്നു കേരളം വിശദീകരിച്ചെങ്കിലും മാർഗരേഖയിൽ വള്ളിപുള്ളി വ്യത്യാസം പാടില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. ഇതോടൊപ്പം ഫണ്ടും തടഞ്ഞുവച്ചു.
തുക 3 വിഭാഗത്തിൽ
എൻഎച്ച്എമ്മിന് 3 ഹെഡുകളിലായി തുക അനുവദിക്കും. 2023–24ൽ കാഷ് ഗ്രാന്റ് ആയി ലഭിക്കേണ്ട 358.61 കോടി രൂപയിൽ ഒരു രൂപ പോലും കിട്ടിയിട്ടില്ല. അടിസ്ഥാനസൗകര്യ വികസനത്തിനുള്ള 381.40 കോടി രൂപയിൽ 103.15 കോടി രൂപ അനുവദിച്ചു. കേന്ദ്രം നൽകുന്ന വാക്സീനുകൾക്കും മരുന്നുകൾക്കും 85.99 കോടി രൂപയാണു ചെലവു നിശ്ചയിച്ചിരുന്നത്. ഈ തുക ഹെഡിൽ നീക്കിവച്ചശേഷം കേന്ദ്രം തന്നെ അത് എടുത്തു. ഈ സാമ്പത്തിക വർഷത്തെ 821.02 കോടിയിൽ 25% തുക അനുവദിക്കേണ്ട സമയം കഴിഞ്ഞു.