ADVERTISEMENT

തിരുവനന്തപുരം∙ കുടുംബക്കോടതിയിൽ വസ്തു സംബന്ധമായ കേസുകൾ നൽകുന്നതിനും ചെക്ക് കേസുകൾ ഫയൽ ചെയ്യുന്നതിനും ഫീസ് ഉയർത്തിയതിനെതിരെ വ്യാപക പ്രതിഷേധം. അഭിഭാഷകരുടെ സംഘടനകളും ബാർ അസോസിയേഷനുകളുമാണു സർക്കാരിനു പരാതി സമർപ്പിച്ചവരിൽ ഏറെയും. 

കഴിഞ്ഞ ബജറ്റിലാണ് സർക്കാർ വർധന പ്രഖ്യാപിച്ചത്. ധനബില്ലിലൂടെ കഴിഞ്ഞ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിലായി. നീതിക്കുള്ള മൗലികാവകാശം നശിപ്പിക്കുന്നതാണു നടപടിയെന്നാണ് ആക്ഷേപം. കുടുംബക്കോടതിയിൽ എത്തുന്ന നിർധന സ്ത്രീകളെ ഏറെ ബാധിക്കുന്നതുമാണു ഫീസ് വർധന. പണം നഷ്ടപ്പെട്ടവർക്കു ചെക്ക് കേസുകളിൽ കോടതി മാത്രമാണ് ആശ്രയമെന്നിരിക്കെയാണ് നടപടി.

കുടുംബക്കോടതികളിൽ വസ്തു സംബന്ധമായ കേസുകൾ ഫയൽ ചെയ്യുന്നതിന് മുൻപ് 50 രൂപയായിരുന്നു ഫീസ്. ഇത് ഒരുലക്ഷം രൂപ വരെയുള്ള കേസുകൾക്ക് 200 രൂപയാക്കി. ഒരു ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ തുകയ്ക്ക് അതിന്റെ അര ശതമാനം നൽകണം. 5 ലക്ഷം രൂപയിൽ കൂടുതൽ മൂല്യം വരുന്ന കേസുകളിൽ 2 ലക്ഷം രൂപയിൽ കൂടാത്ത തരത്തിൽ തുകയുടെ ഒരു ശതമാനം കോടതി ഫീസ് നൽകണം. ഹൈക്കോടതിയിൽ ഫയൽ ചെയ്യുന്ന അപ്പീലുകൾക്കു സമാനമായ നിരക്കിൽ ഫീസ് ഈടാക്കും.

ചെക്ക് കേസിൽ 10 രൂപയായിരുന്ന ഫീസ് 3 ലക്ഷം രൂപ വരെ ഉയരും. ഫീസ് വർധനയിലൂടെ വർഷം 50 കോടിയുടെ വരുമാന വർധനയാണു സർക്കാർ ലക്ഷ്യമിടുന്നത്. ഹൈക്കോടതിയിൽ ഇതുസംബന്ധിച്ചു വന്ന ഹർജിയിൽ സർക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. അടുത്ത മാസം 10നാണ് ധനബിൽ സഭ പാസാക്കുക. പാസാക്കുമ്പോൾ ബില്ലിൽ ഭേദഗതി വരുത്തി വർധന സർക്കാരിന് ഒഴിവാക്കാൻ കഴിയും. ഇൗ വിഷയം സംബന്ധിച്ച് ഇന്നു നിയമസഭയിൽ സബ്മിഷൻ വരുന്നുണ്ട്. സർക്കാരിന്റെ നിലപാട് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പ്രഖ്യാപിച്ചേക്കും.

English Summary:

widespread protest against fees hike for filing property cases and check cases in family courts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com