ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം; പോരിലുറച്ച് ഗണേഷും സിഐടിയുവും
Mail This Article
തിരുവനന്തപുരം∙ ജൂലൈ 1ന് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് സിഐടിയു അറിയിച്ചിട്ടുണ്ടെങ്കിലും ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മന്ത്രി ആവർത്തിച്ചു. പരിഷ്കാരം എന്തിനാണെന്ന് ഇന്നലെ വിഡിയോ സന്ദേശത്തിൽ ഗണേഷ് വിശദീകരിച്ചു. അപകടം കുറയ്ക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നു വ്യക്തമാക്കിയ മന്ത്രി പൊന്നാനിയിലെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ഒരു ദിവസം 251 ടെസ്റ്റു നടത്തിയത് എടുത്തു പറഞ്ഞു.
2 മിനിറ്റിൽ താഴെയാണ് ഒരു ടെസ്റ്റിനു ചെലവിട്ടത്. 9 മുതൽ ഉച്ചയ്ക്ക് ഒന്നര വരെ 147 ഡ്രൈവിങ് ടെസ്റ്റും ഉച്ചയ്ക്ക് ശേഷം 38 ഹെവി ലൈസൻസ് ടെസ്റ്റും 50 വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റും നടത്തി. ഇതിനെല്ലാം പുറമെ ലൈസൻസ് നഷ്ടപ്പെട്ട 16 പേർക്കു ടെസ്റ്റ് നടത്തി ലൈസൻസ് നൽകി. തലസ്ഥാനത്ത് എത്തിച്ച് വീണ്ടും ടെസ്റ്റ് നടത്തിച്ചപ്പോൾ ഒന്നിന് 18 മിനിറ്റ് വരെ എടുത്തു. ടെസ്റ്റ് നടത്താതെ ആളുകളെ പാസാക്കി എന്നത് വ്യക്തമാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും ഗണേഷ് പറഞ്ഞു.