ADVERTISEMENT

തലശ്ശേരി ∙ കേരള രാഷ്‌ട്രീയത്തിൽ കാർക്കശ്യത്തിന്റെ പ്രതീകമായിരുന്ന സി.കെ.ഗോവിന്ദൻ നായർ എന്ന സികെജി ഓർമയായിട്ട് ഇന്നലെ അറുപതാണ്ട്. ഒരുകാലത്ത് കേരളത്തിൽ കോൺഗ്രസിലെ പുരോഗമന ചിന്താഗതിയുടെ പേരായിരുന്നു സികെജി. 

1897ൽ തലശ്ശേരിയിലെ കേളോത്ത് തറവാട്ടിലാണ് ജനനം. ബ്രണ്ണൻ കോളജ് വിദ്യാർഥിയായിരിക്കെ സമരം ചെയ്തതിന് പുറത്താക്കപ്പെട്ടു. ചെന്നൈ ക്രിസ്ത്യൻ കോളജിലും പച്ചയ്യപ്പാസ് കോളജിലും പഠനം തുടർന്നു. ഈ സമയത്താണു മഹാത്മാ ഗാന്ധിയുമായി പരിചയപ്പെടുന്നത്. 

   പിന്നീട് ഗാന്ധിജിക്കൊപ്പമായി പ്രവർത്തനം. വിദേശ വസ്ത്ര ബഹിഷ്കരണമുൾപ്പെടെയുള്ള സമരങ്ങളിൽ മുൻനിരയിലുണ്ടായിരുന്നു. 1933ൽ മലബാർ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായി. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തു മൂന്നു വർഷം വെല്ലൂർ ജയിലിലായി. 

1950ൽ കെ.കേളപ്പനെ തോൽപിച്ച് കെപിസിസി പ്രസിഡന്റായി. ഇതെക്കുറിച്ച് സികെജിയുടെ മകൻ മധ്യപ്രദേശിലെ സാഗർ സർവകലാശാലയിലെ അധ്യാപകനായിരുന്ന എ.രാമൻ എഴുതിയത് ഇങ്ങനെ ‘ കേളപ്പനെതിരെ കെപിസിസി പ്രസിഡന്റ് സ്‌ഥാനത്തേക്കു മത്സരിച്ചു പലതവണ തോറ്റപ്പോഴും അച്ഛൻ കുലുങ്ങിയില്ല. ഒടുവിൽ കേളപ്പജിയെ തോൽപിച്ചു. അധികാര രാഷ്‌ട്രീയത്തിൽനിന്ന് അകന്നുനിന്നെങ്കിലും സംഘടനാ രാഷ്‌ട്രീയം അച്‌ഛനു പ്രാണവായുവായിരുന്നു’. 

  1952ൽ കോൺഗ്രസ് പിളർന്നു കേളപ്പന്റെ നേതൃത്വത്തിൽ കിസാൻ മസ്ദൂർ പ്രജാ പാർട്ടി രൂപീകരിച്ചപ്പോൾ മാധവമേനോനൊപ്പം നിന്നു. ആദ്യ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എ.കെ.ഗോപാലന്റെ എതിർ സ്ഥാനാർഥിയായിരുന്നു. 1960ൽ ആർ.ശങ്കർ ഉപമുഖ്യമന്ത്രിയായപ്പോൾ ശങ്കറിനു പകരം കെപിസിസി പ്രസിഡന്റായത് സികെജിയാണ്. 1963ൽ വീണ്ടും കെപിസിസി പ്രസിഡന്റായി. 

സികെജിയുടെ കരളുറപ്പിനെക്കുറിച്ച് മകൻ ഓർക്കുന്നത് ഇങ്ങനെ; ഒരിക്കൽ പയ്യന്നൂരിൽ ഒരുസംഘം കമ്യൂണിസ്‌റ്റുകാർ അച്ഛനെ തടഞ്ഞു. ജുബ്ബ വലിച്ചുകീറി. പിന്നീടു പലപ്പോഴും ഭീഷണിയുണ്ടായെങ്കിലും അച്ഛൻ പതറിയില്ല. 

   കോൺഗ്രസ് സോഷ്യലിസ്‌റ്റ് പാർട്ടിയുടെ സെക്രട്ടറിയായിരുന്നു അച്ഛൻ എന്ന കാര്യം കമ്യൂണിസ്റ്റുകാർക്ക് ഓർമയില്ല. അന്ന് അച്ഛൻ സെക്രട്ടറിയും പി.കൃഷ്‌ണപിള്ള ജോയിന്റ് സെക്രട്ടറിയും ഇഎംഎസ് അംഗവുമായിരുന്നു. ഇന്നു ചരിത്രത്തിൽ കൃഷ്‌ണപിള്ളയുടെയും ഇഎംഎസിന്റെ പേരു മാത്രമേയുള്ളൂ’.     67 വയസ്സു വരെയേ സികെജി ജീവിച്ചുള്ളൂ.  1964 ഏപ്രിൽ 3ന് രാജ്യസഭാംഗമായി.   കുറഞ്ഞ ദിവസം മാത്രമാണ് എംപിയായിരുന്നത്. സികെജിയുടെ മരണത്തെക്കുറിച്ച് മകൻ എഴുതിയത് ഇങ്ങനെ; ‘പുകവലിയാണ് അച്ഛനെ തളർത്തിയത്. നിർത്താതെ വലിക്കും’. രാജ്യസഭാംഗമായിരിക്കെ 1964 ജൂൺ 27ന് ആണ് മരണം. 

English Summary:

Remembrance of Congress leader C.K. Govindan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com