ADVERTISEMENT

ബ്ലാക്ക് ആൻഡ് വൈറ്റിലും കളറിലും മലയാളി ഒരേപോലെ സ്വപ്നം കണ്ട അഴകിന്റെ താരറാണി ജയഭാരതിക്ക് ഇന്ന് സപ്തതി; ‘യൗവനം വന്നു നാൾ തോറും ചെറുതായ ആ ചെറുപ്പത്തിന്’ 70 വയസ്സ്! മലയാള സിനിമയുടെ ഒരു കാലത്തിനു തന്റെ പേരുചേർത്തു ജയഭേരി മുഴക്കിയ താരം. കാലം മുടിയിഴകളിൽ ബ്ലാക്ക് ആൻഡ് വൈറ്റ് കല വരച്ചിട്ടെങ്കിലും മലയാളിയുടെ സൗന്ദര്യ സങ്കൽപത്തിൽ ജയഭാരതി ഇന്നും നിറസുന്ദരി.

കൊല്ലം തേവള്ളി ഓലയിൽ തൂമ്പുവടക്കേൽ പി.ജി.ശിവശങ്കരപ്പിള്ളയുടെയും ശാരദയുടെയും മകളായി 1954 ജൂൺ 28നു ജനിച്ച ജയഭാരതി മാതാപിതാക്കൾ വേർപിരിഞ്ഞതോടെ തമിഴ്നാട്ടിലെത്തി. നൃത്തത്തിന്റെ മികവിൽ സിനിമയിലേക്ക്. ശശികുമാറിന്റെ സിനിമയായ ‘പെൺമക്കളിൽ’ അഭിനയിക്കുമ്പോൾ പ്രായം 13 വയസ്സും 8 മാസവും മാത്രം. ലക്ഷ്മി ഭാരതിയെന്ന പേരിൽ നിന്ന് ജയഭാരതിയെന്നു പേരുമാറ്റം.

ഷീലയും ശാരദയുമൊക്കെയുള്ള ആദ്യ സിനിമയിൽ കുടുംബത്തിലെ 7 മക്കളിൽ ആറാമത്തെയാളുടെ വേഷം. അന്ന് എല്ലാ പല്ലും മുളച്ചിരുന്നില്ല എന്നുപോലും ഒരു തമാശയുണ്ടായിരുന്നു. ഇത്ര കൊച്ചു കുട്ടിയെ ഇപ്പോഴേ സിനിമയിലെടുക്കണോ എന്നു സംശയം പ്രകടിപ്പിച്ച പ്രേംനസീറിനൊപ്പം പിന്നീട് ജയഭാരതി എത്രയെത്ര സിനിമകളെ മലയാളിയുടെ പ്രണയമിഴിമുനകളിൽ കോർത്തിട്ടു.  

പി.ഭാസ്കരന്റെ  ‘കാട്ടുകുരങ്ങ്’ ജയഭാരതിയെ താരമാക്കി. ശാരദയും ഷീലയും കയറിയിരുന്ന നായികാ സിംഹാസനത്തിലേക്ക് ഏതു വേഷത്തിനും അനുരൂപയായ നായികയായി ജയഭാരതി കയറിയിരുന്നു. 19–ാം വയസ്സിൽ ജയഭാരതി സിനിമയിലെ സെഞ്ചറി പൂർത്തിയാക്കി. 5 വർഷം കൊണ്ട് 100 സിനിമ!

ജയഭാരതിയുടെ മകൻ ഉണ്ണികൃഷ്ണനും മരുമകൾ സോനാലിയും കുഞ്ഞിനൊപ്പം
ജയഭാരതിയുടെ മകൻ ഉണ്ണികൃഷ്ണനും മരുമകൾ സോനാലിയും കുഞ്ഞിനൊപ്പം

സിനിമയുടെ തിരക്കിൽ പാഞ്ഞുപോയ 15– 25 പ്രായം ചെന്നൈയിലെ വീട്ടിലിരുന്ന് മനസ്സിൽ റീവൈൻഡ് ചെയ്തു കാണുകയാണിപ്പോൾ ജയഭാരതി. അന്നൊക്കെ നായികമാർ സെറ്റിൽ സ്വന്തം കസേരയുമായാണു വന്നിരുന്നത്. ജയഭാരതിക്കു കസേരയില്ലായിരുന്നു. 100–ാം സിനിമയുടെ സെറ്റിൽ ഒപ്പം ജോലി ചെയ്തവർ ഒരു കസേര വാങ്ങി നൽകിയാണ് ആഘോഷിച്ചത്. സംവിധായകൻ പത്മരാജന്റെ വാക്കുകളിൽ പറഞ്ഞാൽ ‘ചിരിക്കുമ്പോഴും കരയുമ്പോഴും വായ് പൊത്താത്ത നടി’യാണ് ജയഭാരതി. സ്ക്രീനിൽ നിന്നുരുകാനും കത്തിജ്വലിക്കാനും  ജയഭാരതിക്ക് വേണ്ടത് ക്ഷണനേരം.

ആദ്യ സിനിമയിൽ അഭിനയിച്ച കാലത്ത് മാസികയിൽ വന്ന കവർ ചിത്രം വാട്സാപ്പിൽ അയച്ചുതന്ന് ജയഭാരതി പറഞ്ഞു: ‘‘13 വയസ്സിന്റെ വലുപ്പമല്ല. ഞാനൽപം വലിയ പെണ്ണായിരുന്നു അന്ന്.. നോക്കൂ... ആദ്യമൊന്നും മലയാളം വഴങ്ങിയിരുന്നില്ല. ഭാസ്കരൻമാഷും സേതുമാധവൻ സാറുമൊക്കെ ക്ഷമയോടെ എന്നെ മലയാളം പഠിപ്പിച്ചു. എല്ലാ സിനിമകളിലും ഞാൻ തന്നെയാണ് ഡബ്ബ് ചെയ്തത്. മലയാളത്തോടും മലയാളികളോടും എത്ര പറഞ്ഞാലും തീരാത്ത നന്ദിയുണ്ട്. ഞാൻ സിനിമയിൽനിന്നു മാറിനിന്നിട്ടും മലയാളികൾക്ക് എന്നോടു സ്നേഹമാണ്’’–  ജയഭാരതി പറഞ്ഞു. 

ഇടയ്ക്ക് ടിവിയിൽ മിന്നിമറയുന്ന പഴയ പാട്ടുകളിലേക്ക് കണ്ണെറിയുമ്പോൾ ജയഭാരതിക്ക് ഏറെയിഷ്ടമുള്ള ഗാനങ്ങൾ പലതുണ്ട്. ഗുരുവായൂർ കേശവനിലെ ‘ഇന്നെനിക്ക് പൊട്ടുകുത്താൻ, തച്ചോളി മരുമകൻ ചന്തുവിലെ ‘വടക്കിനി തളത്തിലെ വളർത്തുതത്ത... ’ മനസ്സും പുരികവും തുടിച്ചു തുള്ളി ജയഭാരതി അഭിനയിച്ചു ലയിച്ച ഗാനങ്ങൾ...

മകൻ സ്കൂൾ വിട്ട് വരുമ്പോൾ വീട്ടിലുണ്ടാകണം എന്നായിരുന്നു ജയഭാരതി എന്ന അമ്മയുടെ ആഗ്രഹം.സത്താറുമായുള്ള വിവാഹം 1979 ലായിരുന്നു. ജയഭാരതിയുടെ ഏറ്റവും തിരക്കുള്ള സമയം. എന്നിട്ടും ഏക മകൻ കൃഷ് സത്താർ (ഉണ്ണി) സ്കൂളിൽ പോയിത്തുടങ്ങിയപ്പോൾ ജയഭാരതി സ്വയം സിനിമ കുറച്ചു. എൻജിനീയറിങ് മികച്ച നിലയിൽ പാസായ ഉണ്ണി യുകെയിൽ ഭാര്യ ത്രിപുരസുന്ദരി സോനാലിക്കും മകൾ അംബക്കുമൊപ്പമാണ് താമസം.

2002 ൽ ഇറങ്ങിയ മോഹൻലാൽ ചിത്രം ഒന്നാമനിലാണ് ജയഭാരതി ഒടുവിൽ അഭിനയിച്ചത്. ഇനിയൊരു സിനിമയിലും അഭിനയിക്കില്ല എന്നു ജയഭാരതി പറയുന്നില്ല. കാരണം സിനിമയോട് നോ പറയാൻ ജയഭാരതിക്ക് ആവില്ല. ജയഭാരതിയെ കാണാതിരിക്കാൻ മലയാളിക്കും.

English Summary:

Seventieth birthday of Jayabharathi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com