ഹോട്ടലുകൾ മറച്ചുവച്ചത് 148 കോടിയുടെ കച്ചവടമെന്ന് ജിഎസ്ടി പരിശോധനയിൽ കണ്ടെത്തൽ; കൂടുതൽ ഇടുക്കിയിൽ
Mail This Article
കൊച്ചി ∙ സംസ്ഥാനത്തു വ്യാപകമായി ജിഎസ്ടി വെട്ടിപ്പു കണ്ടെത്തിയ 42 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 148 കോടി രൂപയുടെ കച്ചവടം മറച്ചുവച്ചതായി കണ്ടെത്തി. ഇടപാടുകാരിൽനിന്നു ഹോട്ടലുടമകൾ പിരിച്ചെടുത്ത 7.50 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പാണ് ഇതിലൂടെ നടത്തിയത്. ഇത്രയും തുക തന്നെ പിഴയായും ഇനി അടക്കണം.
ബില്ല് വഴി പിരിച്ചെടുത്ത ജി എസ്ടി അപ്പോൾതന്നെ അടയ്ക്കാൻ തയാറായ ഹോട്ടലുടമകൾക്കു പിഴയിൽ ഇളവ് അനുവദിച്ചു. 60 ലക്ഷത്തോളം രൂപ ഇത്തരത്തിൽ ജിഎസ്ടി വകുപ്പ് പിരിച്ചെടുത്തു.
'ഓപ്പറേഷൻ ഫാനം' എന്ന പേരിലാണു പരിശോധന നടത്തിയത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ 5 ഹോട്ടലുകൾ വീതം ജി എസ്ടി ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ രഹസ്യനിരീക്ഷണത്തിലായിരുന്നു. മറ്റു 12 ജില്ലകളിലായി 32 ഹോട്ടലുകളിലും പരിശോധന നടത്തി.
എന്നാൽ ഏറ്റവും കൂടിയ തുകയ്ക്കുള്ള ജിഎസ്ടി വെട്ടിപ്പു കണ്ടെത്തിയത് ഇടുക്കി ജില്ലയിലാണ്. 6 മാസത്തെ രഹസ്യ നിരീക്ഷണത്തിനു ശേഷമാണു കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഒരേ സമയം പരിശോധന നടത്തിയത്.
പ്രതിഷേധവുമായി സംഘടന
റെയ്ഡിന്റെ പേരിൽ ജിഎസ്ടി ഉദ്യോഗസ്ഥർ ഹോട്ടലുടമകളെ പീഡിപ്പിക്കുകയാണെന്നു ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.ജയ്പാലും സെക്രട്ടറി പി.ബാലകൃഷ്ണ പൊതുവാളും ആരോപിച്ചു.
നികുതി വെട്ടിപ്പിനെ സംഘടന ന്യായീകരിക്കുന്നില്ലെന്നും നിയമാനുസൃതമായ സമയം കൊടുക്കാതെ അപ്പോൾ തന്നെ പിഴയടയ്ക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുകയാണെന്നും സംഘടന കുറ്റപ്പെടുത്തി.