മുഖ്യമന്ത്രിക്ക് എഐവൈഎഫ് വിമർശനം; ‘രക്ഷാപ്രവർത്തനം’ തിരിച്ചടിയായി
Mail This Article
കുമളി ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ കനത്ത തോൽവിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എഐവൈഎഫ് സംസ്ഥാന ശിൽപശാലയിൽ കടുത്ത വിമർശനമുയർന്നു. മുഖ്യമന്ത്രിയുടെ ഏകാധിപത്യ നീക്കങ്ങൾ ജനങ്ങളിൽ ഇടതുവിരുദ്ധവികാരം വളർത്തിയെന്നും പൗരാവകാശങ്ങൾക്കുമേൽ സ്വേച്ഛാധിപത്യം സ്ഥാപിക്കാനായി പൊലീസിനെ ദുരുപയോഗം ചെയ്തെന്നും ശിൽപശാല വിലയിരുത്തി.
നവകേരളസദസ്സ് പൂർണമായും ഇടതുപക്ഷ സ്വഭാവത്തിലായിരുന്നില്ല. പ്രതിഷേധക്കാരെ പൊലീസിനെയും ഗൺമാൻമാരെയും ഉപയോഗിച്ച് അടിച്ചമർത്തിയതു കുറച്ചല്ല ബാധിച്ചത്. സിപിഎം പ്രവർത്തകർ നിയമം കയ്യിലെടുത്തതിനെ രക്ഷാപ്രവർത്തനമെന്നു പറഞ്ഞതു തിരിച്ചടിയായി. പൗരരെ പ്രമുഖരെന്നും അല്ലാത്തവരെന്നും തരംതിരിച്ചുകണ്ടത് അംഗീകരിക്കാനാകില്ല.
ക്ഷേമപെൻഷൻ വിതരണം മുടങ്ങിയതും സപ്ലൈകോയിലെ പ്രതിസന്ധി പരിഹരിക്കാതിരുന്നതും തിരിച്ചടിയായി. കെഎസ്ആർടിസി ശമ്പളക്കാര്യത്തിലെ അലംഭാവവും പട്ടികവിഭാഗം വിദ്യാർഥികളുടെ സ്കോളർഷിപ് മുടങ്ങിയതും സർക്കാർവിരുദ്ധ വികാരം സൃഷ്ടിച്ചെന്നും വിമർശനമുയർന്നു.