മുഖ്യമന്ത്രിക്കും എം.വി.ഗോവിന്ദനും എതിരെ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം
Mail This Article
കോട്ടയം ∙ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വീണാ ജോർജ്, എം.ബി. രാജേഷ്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർക്കെതിരെ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം. പാലായിൽ നടന്ന നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി തോമസ് ചാഴികാടനെ ശാസിച്ചതു ശരിയായില്ലെന്ന് യോഗത്തിൽ വിമർശനമുയർന്നു.
ജനപ്രതിനിധി ഒരാവശ്യം പൊതുവേദിയിൽ പരസ്യമായി ഉന്നയിക്കുമ്പോൾ അദ്ദേഹത്തെ ശാസിച്ചത് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി. റബറിന്റെ നാടായ കോട്ടയത്തു നിന്നുള്ള എംപി റബറിന്റെ താങ്ങുവില ഉയർത്തണമെന്ന് ആവശ്യപ്പെടുമ്പോൾ അതനുസരിച്ചു പ്രതികരിക്കണമായിരുന്നു. ഇതു താഴെത്തട്ടിൽ കേരള കോൺഗ്രസി(എം)ന്റെ വോട്ടുപോലും ചോരാൻ കാരണമായി.
തോമസ് ചാഴികാടനെതിരെ മുഖ്യമന്ത്രി ഉപയോഗിച്ച വാക്കുകൾ അദ്ദേഹം ഒരിക്കലും പറയാൻ പാടില്ലാത്തതായിരുന്നു. പൂഞ്ഞാറിൽ വികാരിയെ ഒരു സംഘം വിദ്യാർഥികൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ വികാരിക്ക് അനുകൂലമായ നിലപാട് മുഖ്യമന്ത്രി പരസ്യമായി സ്വീകരിച്ചപ്പോൾ മറ്റൊരു വിഭാഗം പാർട്ടിക്ക് എതിരായി. പൊതുയോഗത്തിൽ ഇതേ വിഷയത്തിൽ മുഖ്യമന്ത്രി ഒരു മതനേതാവിനെ പരസ്യമായി തിരുത്തിയതും ഒരു ജനവിഭാഗത്തെ പാർട്ടിയിൽ നിന്ന് അകറ്റി.
മന്ത്രിമാരായ എം.ബി. രാജേഷിന്റെയും വീണാ ജോർജിന്റെയും പ്രവർത്തനം തൃപ്തികരമല്ല. കെ.കെ. ശൈലജ ഗംഭീരമായി കൈകാര്യം ചെയ്ത വകുപ്പാണ് വീണാ ജോർജ് ജനങ്ങളിൽ അവമതിപ്പ് ഉണ്ടാകുന്ന തരത്തിൽ കൈകാര്യം ചെയ്യുന്നത്. ഇപ്പോൾ ആരോഗ്യവകുപ്പിന്റെ അവസ്ഥ എന്തായെന്നും അംഗങ്ങൾ ചോദിച്ചു. തദ്ദേശഭരണ വകുപ്പിലെ നികുതിവർധന പാർട്ടി വോട്ടുകൾ പോലും ചോരാൻ കാരണമായെന്ന് എം.ബി. രാജേഷിനെ വിമർശിച്ച പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തിരഞ്ഞെടുപ്പിനു മുൻപും പ്രചാരണ സമയത്തും നടത്തിയ പത്രസമ്മേളനങ്ങൾ പാർട്ടിക്ക് ഒരുതരത്തിലും ഗുണം ചെയ്യുന്നതായിരുന്നില്ല. അദ്ദേഹത്തിന്റെ പത്രസമ്മേളനങ്ങൾ വിശ്വസനീയമായിരുന്നില്ല. പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർഥിനിർണയം പാളിയെന്നും യോഗത്തിൽ വിമർശനമുണ്ടായി. ഇവിടെ തോമസ് ഐസക് അനുയോജ്യനായ സ്ഥാനാർഥിയായിരുന്നില്ല. രാജു ഏബ്രഹാമായിരുന്നു മത്സരിക്കേണ്ടിയിരുന്നത്. തോമസ് ഐസക്കിനെ ആലപ്പുഴയിലായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ബിഡിജെഎസിലേക്കുള്ള വോട്ട് ചോർച്ച മുൻകൂട്ടി മനസ്സിലാക്കി തടയാൻ പാർട്ടിക്കു കഴിഞ്ഞില്ല. അതു കാരണം സിപിഎമ്മിനു മുൻതൂക്കമുള്ള പഞ്ചായത്തുകളിൽ പോലും ബിഡിജെഎസാണു മുന്നിൽ വന്നത്. കോട്ടയം പാർലമെന്റ് സീറ്റ് കേരള കോൺഗ്രസി(എം)നു നൽകിയതിനെ വിമർശിച്ചില്ലെങ്കിലും തോമസ് ചാഴികാടനെ സ്ഥാനാർഥിയാക്കേണ്ടിയിരുന്നില്ലെന്നു ചില അംഗങ്ങൾ തുറന്നടിച്ചു.
പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി അസംബ്ലി മണ്ഡലങ്ങളിൽ തോമസ് ഐസക്കിനു വേണ്ടി പാർട്ടി നേതൃത്വം ഒപ്പമുണ്ടായിരുന്നെങ്കിലും വോട്ട് ചോർന്നുവെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്ത്രി വി.എൻ. വാസവൻ, ടി.പി. രാമകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജില്ലാ കമ്മിറ്റി യോഗം നടന്നത്.