കണക്കൻകോട്ടയിലെ 5 സെന്റ് വാങ്ങാൻ കള്ളപ്പണം; ജില്ലാ സെക്രട്ടറിയെ ഉൾപ്പെടെ പ്രതിചേർത്തേക്കും
Mail This Article
തൃശൂർ ∙ കരുവന്നൂർ കള്ളപ്പണക്കേസിൽ സിപിഎമ്മിനെ പ്രതിചേർക്കാൻ ഇ.ഡിക്കു നിർണായക തെളിവായതു കണക്കൻകോട്ടയിൽ ലോക്കൽ കമ്മിറ്റി വാങ്ങിയ 5 സെന്റ് ഭൂമി. കരുവന്നൂർ ലോക്കൽ കമ്മിറ്റിക്കായി ഏതാനും വർഷം മുൻപു കണക്കൻകോട്ട ബംഗ്ലാവ് പരിസരത്തു ഭൂമി വാങ്ങാൻ ചെലവഴിച്ച പണത്തിന്റെ ഒരുവിഹിതം കരുവന്നൂർ ബാങ്കിൽനിന്നു തട്ടിച്ചെടുത്ത കോടികളിൽനിന്നാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. മുഖ്യപ്രതികളായ കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി ടി.ആർ.സുനിൽ കുമാർ, മാനേജർ ബിജു കരീം തുടങ്ങിയവർ ഭൂമി വാങ്ങാൻ പണം കൈമാറിയതിനു തെളിവുണ്ടെന്നാണു സൂചന.
സ്ഥലം വാങ്ങാൻ ഇരിങ്ങാലക്കുട മേഖലയിൽ സിപിഎം വൻ പണപ്പിരിവു നടത്തിയിരുന്നു. പിരിവിനു പുറമേ കരുവന്നൂർ കേസിലെ പ്രതികളിലൂടെ ലഭിച്ച പണവും സ്ഥലം വാങ്ങാൻ ഉപയോഗിച്ചെന്നാണു കണ്ടെത്തിയത്. ഇതോടെ തട്ടിപ്പിന്റെ വിഹിതം പാർട്ടിക്കു ലഭിച്ചെന്നതിനു സ്ഥിരീകരണമായി. ചില വ്യക്തികളാണു തട്ടിപ്പു നടത്തിയതെന്നും പാർട്ടിക്കു പങ്കില്ലെന്നുമുള്ള വാദം ഇതോടെ തിരിച്ചടിച്ചു. പാർട്ടിയെ പ്രതിയാക്കിയതിനു പിന്നാലെ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് അടക്കമുള്ള ജില്ലാ ഭാരവാഹികളെയും പ്രതിചേർക്കുമെന്നാണു സൂചന.
പാർട്ടിക്കു കരുവന്നൂർ ബാങ്കിൽ കണക്കിൽപെടാത്ത അക്കൗണ്ടുകളുണ്ടെന്നതിനും തെളിവു ലഭിച്ചിട്ടുണ്ട്. ബാങ്കിൽ അംഗത്വമില്ലാതെയാണു പൊറത്തിശേരി ലോക്കൽ കമ്മിറ്റി അടക്കം പാർട്ടി ഘടകങ്ങൾ അക്കൗണ്ട് തുറന്നത്. തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ഇത്തരം അക്കൗണ്ടുകളിൽനിന്നു പണം ചെലവഴിച്ചെന്നും സൂചനയുള്ളതിനാൽ സിപിഎം കൂടുതൽ സമ്മർദത്തിലായി.