ADVERTISEMENT

തിരുവനന്തപുരം ∙ 6 സർവകലാശാലകളിൽ വിസി നിയമനത്തിനു സ്വന്തം നിലയ്ക്കു സേർച് കമ്മിറ്റി രൂപീകരിച്ച ഗവർണർ, ഡൽഹിയിൽനിന്നു മടങ്ങിയെത്തിയാലുടൻ മറ്റ് 6 സർവകലാശാലകളിൽ കൂടി സേർച് കമ്മിറ്റിയെ നിയോഗിക്കും. ഇതിനുള്ള തയാറെടുപ്പുകൾ തുടങ്ങാൻ അദ്ദേഹം രാജ്ഭവനു നിർദേശം നൽകി. നിയമസഭയിൽ പ്രതിപക്ഷ ബഹളത്തിനിടെ തിടുക്കപ്പെട്ടു സർക്കാർ പാസാക്കിയെടുത്ത വാർഡ് വിഭജന ബില്ലുകൾ തൽക്കാലം അവിടെ ഇരിക്കട്ടെയെന്നാണു ഗവർണറുടെ നിലപാട്. സെപ്റ്റംബറിൽ 5 വർഷം തികയ്ക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ പദവിയിൽ തുടരുമോ എന്ന ചർച്ച സജീവമാകുമ്പോഴാണു വീണ്ടും സർക്കാരുമായി ഉരസുന്നത്.

കേരള, എംജി, സാങ്കേതിക, ഫിഷറീസ്, കാർഷിക, മലയാളം സർവകലാശാലകളിലാണു സർവകലാശാലകളുടെ പ്രതിനിധിയില്ലാതെ സേർച് കമ്മിറ്റി രൂപീകരിച്ചത്. 3 മാസത്തിനകം പ്രതിനിധിയെ നൽകണമെന്നു ഫെബ്രുവരിയിൽ 8 സർവകലാശാലകൾക്കു നോട്ടിസ് നൽകിയിരുന്നു. ആരും അനുകൂലമായി പ്രതികരിച്ചില്ല. ഇക്കൂട്ടത്തിൽ കണ്ണൂരും കുസാറ്റും ഒഴികെയുള്ളിടത്താണ് ഇപ്പോൾ സേർച് കമ്മിറ്റി രൂപീകരണം. വിസി തസ്തികയിലേക്കു യോഗ്യരായവരെ ക്ഷണിച്ച് 3 മാസത്തിനകം സർവകലാശാലകൾ വിജ്ഞാപനമിറക്കണമെന്നു കത്തു നൽകിയിട്ടുമുണ്ട്.

കാലിക്കറ്റ്, ആരോഗ്യ, ഡിജിറ്റൽ സർവകലാശാലകളിൽ മാത്രമാണു സ്ഥിരം വിസി ഉള്ളത്. 11നു കാലിക്കറ്റ് വിസിയുടെ കാലാവധി അവസാനിക്കുന്നതോടെ കാലിക്കറ്റ്, കണ്ണൂർ, കുസാറ്റ്, സംസ്കൃതം, ഓപ്പൺ, വെറ്ററിനറി സർവകലാശാലകളിലെ വിസി നിയമനത്തിനു സ്വന്തം നിലയ്ക്കു സേർച് കമ്മിറ്റി രൂപീകരിക്കാനാണു ഗവർണറുടെ നീക്കം. 

ഗവർണറുടെ നടപടിയെ നിയമപരമായി നേരിടുമെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 2022ൽ കേരളയിൽ ചാൻസലർ സ്വന്തം നിലയ്ക്കു സേർച് കമ്മിറ്റി രൂപീകരിച്ചപ്പോൾ സർക്കാർ നിയമ മാർഗമാണു തേടിയത്. സർവകലാശാല ആദ്യം പ്രതിനിധിയെ നിർദേശിച്ചിരുന്നെങ്കിലും ചാൻസലറെന്ന നിലയിൽ ഗവർണറുടെ അധികാരം കുറയ്ക്കാൻ സർക്കാർ ബിൽ കൊണ്ടുവരാൻ തീരുമാനിച്ച സാഹചര്യത്തിൽ പ്രതിനിധിയെ പിൻവലിച്ചു. തുടർന്നു ഗവർണർ നിയോഗിച്ച രണ്ടംഗ സേർച് കമ്മിറ്റിയെ കോടതി വഴി അസാധുവാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ കോടതിവിധികൾ ചാൻസലർക്ക് അനുകൂലമാണ്. 

സർവകലാശാലാ പ്രതിനിധിയെ എത്രയും വേഗം നൽകണമെന്നും ഇല്ലെങ്കിൽ ചാൻസലർക്കു നിയമപരമായി മുന്നോട്ടുപോകാമെന്നും 2022 ഡിസംബറിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിസി നിയമനത്തിൽ ചാൻസലർക്കാണ് അധികാരമെന്ന സുപ്രീംകോടതി വിധി മറ്റൊരു കേസിലുണ്ടായി. അനുകൂലമായ നിയമോപദേശം ഗവർണർക്കു മാസങ്ങൾക്കു മുൻപേ ലഭിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പു കഴിയുന്നതിനായിരുന്നു കാത്തിരിപ്പ്.

"സേർച് കമ്മിറ്റിയിലേക്കു പ്രതിനിധിയെ നൽകണമെന്ന നിർദേശം തള്ളുന്ന സാഹചര്യത്തിലാണു സ്വന്തം ചുമതല നിർവഹിച്ചത്. സർവകലാശാലകൾ അവരുടെ ജോലി ചെയ്തിരുന്നെങ്കിൽ എനിക്ക് ഇതു ചെയ്യേണ്ടിവരുമായിരുന്നില്ല. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറുടെ നടപടിയുടെ നിയമസാധുത പരിശോധിക്കും." - മന്ത്രി ആർ.ബിന്ദു

English Summary:

Governor to appoint search committee for six other universities after returns from Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com