പദയാത്രയിൽ കൂടെ നടന്ന് മരീന രാഷ്ട്രീയ വേദിയിലേക്ക്; മോൻസ് ജോസഫിന്റെ മകൾ സജീവ രാഷ്ട്രീയത്തിലേക്ക്
Mail This Article
കടുത്തുരുത്തി ∙ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎയുടെ മകൾ മരീന മോൻസ് സജീവ രാഷ്ട്രീയത്തിലേക്ക്. കെഎസ്‍സി സംസ്ഥാന സെക്രട്ടേറിയറ്റിൽ മരീന അംഗമായി. കടുത്തുരുത്തി മണ്ഡലത്തിൽ നിന്ന് കോട്ടയത്തേക്കു നടന്ന പദയാത്രയായ റബർ ലോങ് മാർച്ചിൽ മോൻസിനൊപ്പം മുഴുവൻ സമയവും പങ്കെടുത്താണ് മരീന പൊതുവേദിയിൽ സജീവമായത്.
-
Also Read
തിരു– കൊച്ചി ലയനത്തിന് നാളെ 75 വയസ്സ്
മാന്നാനം സെന്റ് ജോസഫ് ട്രെയ്നിങ് കോളജ് ബിഎഡ് വിദ്യാർഥിനിയാണ്. മൂവാറ്റുപുഴ നിർമല കോളജിൽ എംഎസ്‍സിക്കു പഠിക്കുമ്പോൾ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‍സി പാനലിൽ മത്സരിച്ച് വിജയിച്ചിരുന്നു. തിരഞ്ഞെടുപ്പു കാലത്ത് മോൻസിനു വേണ്ടി പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. റബർ ലോങ് മാർച്ചിൽ പങ്കെടുക്കാൻ അന്ന് മരീന ആഗ്രഹം പറഞ്ഞപ്പോൾ അമ്മ സോണിയ മോൻസ് ആദ്യം സമ്മതിച്ചില്ല. മോൻസിന്റെ പിന്തുണ മകൾക്കായിരുന്നു.
പൊതുപ്രവർത്തനം ഇഷ്ടമാണ്. ചെറുപ്പം മുതൽ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന അച്ചാച്ചൻ മോൻസ് തന്നെയാണ് മരീനയുടെ ഇഷ്ട നേതാവ്. വിദ്യാർഥി സംഘടനയിലെയും പോഷകസംഘടനകളിലെയുമൊക്കെ നേതാക്കളെയും പ്രവർത്തകരെയും പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷവുമുണ്ട്. എന്നാൽ അമ്മയെപ്പോലെ അധ്യാപികയാകാനാണ് താൽപര്യം. കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികയാണ് സോണിയ.