തിരു– കൊച്ചി ലയനത്തിന് നാളെ 75 വയസ്സ്
Mail This Article
കോട്ടയം ∙ തിരുവിതാംകൂർ – കൊച്ചി ലയനത്തിന് നാളെ 75 വയസ്സ്. കേരള സംസ്ഥാന രൂപീകരണത്തിനു (1956 നവംബർ 1) മുന്നോടിയായി 1949 ജൂലൈ ഒന്നിനാണ് തിരു– കൊച്ചി ലയനം നടന്നത്. തിരുവിതാംകൂർ തലസ്ഥാനമായ തിരുവനന്തപുരം ഐക്യസംസ്ഥാനത്തിന്റെ തലസ്ഥാനമായി. നിയമസഭയും സെക്രട്ടേറിയറ്റും തിരുവനന്തപുരത്തും ഹൈക്കോടതി എറണാകുളത്തും ആസ്ഥാനമാക്കി. തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ഗവർണർക്ക് സമാനമായ ‘രാജപ്രമുഖ്’ ആയി. തുടർന്ന് പറവൂർ ടി.കെ.നാരായണ പിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു.
തിരുവിതാംകൂറിലെയും കൊച്ചിയിലെയും തിരു–കൊച്ചിയുടെ പ്രാരംഭകാലത്തെയും മുഖ്യമന്ത്രിമാർ പ്രധാനമന്ത്രി എന്നാണ് അറിയപ്പെട്ടിരുന്നത്. സംയോജനത്തിന്റെ ഫലമായുണ്ടായ തിരുവിതാംകൂർ–കൊച്ചി നിയമസഭയിൽ ഇരു സംസ്ഥാനങ്ങളിലെയും നിയമസഭകളിലെ 178 അംഗങ്ങൾ സാമാജികരായി. ടി.എം.വർഗീസ് നിയമസഭാ പ്രസിഡന്റും (സ്പീക്കർ) കെ. കൊച്ചുകുട്ടൻ ഡപ്യൂട്ടി പ്രസിഡന്റുമായി. പുതുപ്പള്ളി എസ്.കൃഷ്ണപിള്ള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി.
ഇന്ത്യ റിപ്പബ്ലിക്കിലെ പാർട്ട് ബി സംസ്ഥാനമായിരുന്നു തിരു–കൊച്ചി. രാജ്യസഭയിൽ ആറും ലോക്സഭയിൽ 12 ഉം ആയിരുന്നു പ്രാതിനിധ്യം. തിരു- കൊച്ചിയുടെ ഭൂരിഭാഗവും മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയും കാസർകോട് താലൂക്കും ചേർത്താണ് 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപീകരിച്ചത്.