സിപിഎമ്മിന് ചുക്കും ചുണ്ണാമ്പും തിരിച്ചറിയാത്ത പ്രശ്നം: ലീഗ്
Mail This Article
മലപ്പുറം ∙ മലബാർ സംസ്ഥാനം സംബന്ധിച്ച സമസ്ത നേതാവിന്റെ പ്രസ്താവന മുൻനിർത്തി, മുസ്‌ലിം ലീഗിനെതിരെ സിപിഎം പാർട്ടി പത്രത്തിൽ വന്ന ലേഖനം ‘ചുക്കും ചുണ്ണാമ്പും തരിച്ചറിയാൻ കഴിയാത്തതിന്റെ പ്രശ്നം’ എന്നു തിരിച്ചടിച്ചു മുസ്‌ലിം ലീഗ് മുഖപത്രം. മലബാർ സംസ്ഥാനമാക്കണമെന്നു ലീഗ് ഒരിടത്തും ഉന്നയിച്ചിട്ടില്ലെന്നും അങ്ങനെയൊരു ചർച്ച പോലും ഉണ്ടായിട്ടില്ലെന്നും ‘ചന്ദ്രിക’യുടെ എഡിറ്റോറിയൽ പേജിൽ വന്ന ലേഖനത്തിൽ പറയുന്നു.
കഴിഞ്ഞ ദിവസം സിപിഎം പാർട്ടി പത്രത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം പുത്തലത്ത് ദിനേശൻ ഉയർത്തിയ വിമർശനങ്ങൾക്കു ലീഗിന്റെ മാധ്യമ വിഭാഗം ചുമതല വഹിക്കുന്ന ഷരീഫ് സാഗർ ആണു ചന്ദ്രികയിൽ മറുപടി നൽകിയത്. 75 വർഷമായി ഇന്ത്യയിൽ മാന്യമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്ന ലീഗിനു മറ്റേതെങ്കിലും സംഘടനകളുടെ മുദ്രാവാക്യങ്ങൾ ഏറ്റെടുക്കേണ്ട ഗതികേടില്ലെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ വാദം ലീഗ് ഏറ്റെടുക്കുന്നുവെന്ന ആരോപണത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
മുൻപ് ജമാഅത്തെ ഇസ്‍ലാമി തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണച്ചപ്പോൾ മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ രാഷ്ട്രീയ അടിത്തറ ശക്തമാക്കി എന്ന് ആവേശത്തോടെയാണു സിപിഎം പാർട്ടി പത്രം വിശേഷിപ്പിച്ചതെന്നും യുഡിഎഫിനെ അവർ പിന്തുണയ്ക്കുമ്പോൾ അതേ മതനിരപേക്ഷ അടിത്തറ തകരുമെന്ന വിചിത്രവാദമാണു സിപിഎം ഉന്നയിക്കുന്നതെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.