വണ്ടിപ്പെരിയാർ കൊലപാതകം: മൂന്നാം വാർഷികത്തിലും നീതി കിട്ടാതെ പെൺകുട്ടിയുടെ കുടുംബം
Mail This Article
വണ്ടിപ്പെരിയാർ ∙ എസ്റ്റേറ്റ് ലയത്തിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കൊന്നു കെട്ടിത്തൂക്കിയ സംഭവം നടന്നിട്ട് ഇന്ന് 3 വർഷം. അതിക്രൂരമായി പിച്ചിച്ചീന്തപ്പെട്ട തങ്ങളുടെ കുഞ്ഞിനു മൂന്നാം ചരമവാർഷികദിനത്തിലും നീതി ലഭിച്ചില്ല എന്ന വിലാപത്തിലാണു പെൺകുട്ടിയുടെ കുടുംബം.
മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം 2021 ജൂൺ 30നാണ് എസ്റ്റേറ്റ് ലയത്തിൽ നടന്നത്. 12 വർഷത്തെ കാത്തിരിപ്പിനു ശേഷം ലഭിച്ച പൊന്നുമകളെ നഷ്ടപ്പെട്ടതിന്റെ തീരാവേദനയ്ക്കു പുറമേ കേസിലെ പ്രതിയെ കോടതി വിട്ടയച്ചതും ഇതിനെതിരെ നൽകിയ അപ്പീലിൽ സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാത്തതും കുടുംബത്തിനു താങ്ങാനാവാത്ത ആഘാതമാണു നൽകിയിരിക്കുന്നത്.
കേസിലുടനീളം ദുരൂഹതകളുണ്ടായി എന്ന വാദത്തിൽ കുടുംബം ഇന്നും ഉറച്ചുനിൽക്കുന്നു. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുടുങ്ങിയാണു കുട്ടി മരിച്ചതെന്നായിരുന്നു ആദ്യപ്രചാരണം. പോസ്റ്റ്മോർട്ടം വേണ്ടെന്നും ആവശ്യം ഉയർന്നു. എന്നാൽ വണ്ടിപ്പെരിയാർ ഗവ. ആശുപത്രിയിലെ പ്രാഥമിക പരിശോധനയിൽ തന്നെ കുട്ടി ഉപദ്രവിക്കപ്പെട്ടതായി കണ്ടെത്തി. ക്രൂരപീഡനത്തിന് ഇരയായിട്ടുണ്ടെന്നും മരണം കൊലപാതകമാണെന്നും പോസ്റ്റ്മോർട്ടത്തിലൂടെ തെളിഞ്ഞു.
പ്രദേശവാസികളെ ചോദ്യം ചെയ്ത പൊലീസ് തൊട്ടടുത്ത മുറിയിലെ താമസക്കാരനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെ അയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ബോധരഹിതയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്നാണു യുവാവ് സമ്മതിച്ചത്. വർഷങ്ങളായി കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് കണ്ടെത്തിയെങ്കിലും ചുമത്തിയ കുറ്റങ്ങൾ പ്രോസിക്യൂഷനു തെളിയിക്കാനായില്ലെന്നു കാട്ടി കട്ടപ്പന പോക്സോ കോടതി പ്രതിയെ കഴിഞ്ഞ ഡിസംബർ 14നു വിട്ടയച്ചു.
പ്രതിയെ വിട്ടയച്ച് 6 മാസം പിന്നിടുമ്പോഴും സ്പെഷൽ പ്രോസിക്യൂട്ടർ നിയമനം പോലും എങ്ങുമെത്തിയിട്ടില്ല. ഇതിനിടെ സിപിഎം ജില്ലാ സെക്രട്ടറിക്കൊപ്പം മുഖ്യമന്ത്രിയെയും പിതാവു സന്ദർശിച്ചു. ഉത്തരവാദിത്തപ്പെട്ടവർ വാക്കു പാലിച്ചില്ലെന്നു പിതാവ് പറയുന്നു. ‘‘തുടക്കം മുതലുള്ള നീതിനിഷേധം തുടരുകയാണ്. ജീവനുള്ള കാലത്തോളം മകൾക്കായുള്ള പോരാട്ടം തുടരും’’– കുട്ടിയുടെ ആത്മശാന്തിക്കായുള്ള പ്രത്യേക പ്രാർഥനകൾക്കുള്ള ചടങ്ങ് ഒരുക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.